കോട്ടയം: മീനച്ചിലാറ്റിൽ ആലുംമൂട് ഇടയ്ക്കാട്ടുപള്ളി കടവിൽ നിർമിക്കുന്ന ഷട്ടർ പാലത്തിന്റെ ഡിസൈനിംഗ് ജോലി ഇറിഗേഷൻ വകുപ്പിന്റെ തിരുവനന്തപുരത്തുള്ള ഐഡിആർബിയിൽ നടന്നു വരുന്നു. അടുത്ത മാസം ഡിസൈൻ പൂർത്തിയാകുന്നതോടെ എസ്റ്റിമേറ്റ് എടുക്കുന്ന ജോലി ആരംഭിക്കും.
എസ്റ്റിമേറ്റ് തയാറാക്കിയാൽ സാങ്കേതിക അനുമതിയും ധനവകുപ്പിൽ നിന്നുള്ള അനുമതിയും തേടും. ഇതു രണ്ടും ലഭിച്ചാൽ പാലം ടെൻഡർ നടപടികളിലേക്ക് നീങ്ങും. ഇപ്പോഴത്തെ നിലയിൽ നടപടികൾ സുഗമമായി നീങ്ങുകയാണെങ്കിൽ 2019 പകുതിയോടെ പാലം പണി ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മേജർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനിയർ സുരേഷ് വ്യക്തമാക്കി.
ഇടയ്ക്കാട്ടുപള്ളി കടവിൽ പാലം നിർമിക്കാൻ കഴിയുമോ എന്നറിയുന്നതിനുള്ള ഇൻവെസ്റ്റിഗേഷൻ പൂർത്തിയാക്കിയതോടെയാണ് പാലത്തിന്റെ ഡിസൈനിലേക്ക് കടന്നത്. അതേ സമയം ചെറിയൊരു ആശങ്കയുള്ളത് വാഹനങ്ങൾ പാലത്തിലൂടെ കയറി തെക്കേ കരയിൽ എത്തുന്പോൾ തിരിക്കാൻ കഴിയുന്നത്ര സ്ഥല പരിമിതിയുണ്ടോ എന്ന കാര്യത്തിലാണെന്ന് ഇറിഗേഷൻ അധികൃതർ പറയുന്നു.
വേനൽക്കാലത്ത് മീനച്ചിലാറ്റിലൂടെ എത്തുന്ന ഓരു വെള്ളം വാട്ടർ അഥോറിറ്റിയുടെ കിണറുകളിൽ വ്യാപിച്ച് കുടിവെള്ള വിതരണത്തെ ബാധിക്കുന്നുണ്ട്. ഓരുവെള്ളത്തെ തടയാൻ മീനച്ചിലാറ്റിൽ താഴത്തങ്ങാടി ഭാഗത്ത് താൽക്കാലിക തടയണ നിർമിക്കുകയാണ് പതിവ്.
ഓരോ വർഷവും ലക്ഷക്കണക്കിന് രൂപയാണ് ഈയിനത്തിൽ സർക്കാർ ചെലവാക്കുന്നത്. ഇത് ഒഴിവാക്കാനാണ് ഷട്ടർ പാലം എന്ന ആശയം ഉയർന്നത്. ആവശ്യമുള്ള സമയത്ത് ഷട്ടർ ഉയർത്തുകയും താഴ്ത്തുകയും ചെയ്യാം. പാലത്തിലൂടെ ചെറിയ വാഹനങ്ങൾക്ക് കടന്നു പോകാനും കഴിയും.
പാലം യാഥാർഥ്യമായാൽ കുമരകം ഭാഗത്തു നിന്ന് മെഡിക്കൽ കോളജിലേക്കും മറ്റും പോകുന്ന വാഹനങ്ങൾക്ക് വേഗം എത്താൻ കഴിയും. നഗരസഭാ പ്രദേശത്തെയും അയ്മനം പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ഇടയ്ക്കാട്ടുപള്ളി കടവിൽ ഇപ്പോൾ കടത്തുവള്ളമുണ്ട്.