കൽപ്പറ്റ: എടക്കൽ റോക്ക് ഷെൽട്ടറിന്റെ സംരക്ഷണം മുൻനിർത്തി അന്പുകുത്തിമലയിലെ സ്വകാര്യവ്യക്തികളുടെ പട്ടയഭൂമി സർക്കാർ ഏറ്റെടുക്കുന്നതിനു ഇടപെടണമെന്നു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനോട് ആവശ്യപ്പെട്ടതായി ചരിത്രകാരൻ ഡോ.എം.ആർ. രാഘവവാര്യർ. കനത്ത മഴയ്ക്കിടെ ഗുഹാമുഖത്ത് പാറക്കെട്ട് ഇടിഞ്ഞ സാഹചര്യത്തിൽ എടക്കലിൽ മന്ത്രി സന്ദർശനത്തിനെത്തിയപ്പോഴാണ് ഈ ആവശ്യം ഉന്നയിച്ചതെന്നു ഡോ.വാര്യർ ടെലിഫോണ്‍ അഭിമുഖത്തിൽ പറഞ്ഞു.
ലോകത്തെ പ്രാചീന റോക്ക് ഷെൽട്ടറുകളിൽ ഒന്നാണ് എടക്കലിലേത്. അതീവ ചരിത്രപ്രാധാന്യമുള്ളതാണ് ഷെൽട്ടറിലെ ലിഖിതങ്ങൾ. എന്നിരിക്കെ എടക്കൽ റോക്ക് ഷെൽട്ടറിന്റെയും അതു സ്ഥിതിചെയ്യുന്ന അന്പുകുത്തി മലയുടെയും സംരക്ഷണം സുപ്രധാനമാണ്. നിരവധി സ്വകാര്യ പട്ടയഭൂമികൾ ഉൾപ്പെടുന്നതാണ് അന്‍പുകുത്തിമല. സ്വകാര്യഭൂമിയിലെ നിർമാണങ്ങൾ ഗുഹയുടെ ദീർഘകാല നിലനിൽപ്പിനു ഭീഷണിയാണ്.
പൊന്നുംവില നൽകിയാണെങ്കിലും എടക്കലിലെ സ്വകാര്യ പട്ടയഭൂമികൾ അടിയന്തരമായി ഏറ്റെടുക്കാൻ സർക്കാർ തയ്യാറാകണം. ഗുഹയും പരിസരവും എറ്റെടുത്തു സംരക്ഷിക്കുന്നതിനു ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ സർക്കാർ സമ്മർദം ചെലുത്തണം. എടക്കലിൽ സന്ദർശകരെ അനുവദിക്കുന്നതിൽ കർശന നിയന്ത്രണം ഏർപ്പെടുത്തണം.
ദിവസം മൂവായിരത്തിനും നാലായിരത്തിനും ഇടയിൽ സന്ദർശകരെയാണ് ഷെൽട്ടറിലേക്കു കടത്തിവിടുന്നത്. ഇത്രയും പേരെ താങ്ങാനുള്ള ശേഷി പാറകൾക്കില്ല. ശാസ്ത്രീയ പഠനത്തിലൂടെ വാഹകശേഷി നിർണയിച്ച് ഷെൽട്ടറിൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നതാണ് ഉത്തമം. ഷെൽട്ടറിന്റെ ഭരണച്ചുമതലയിൽനിന്നു ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലിനെ ഒഴിവാക്കണം.
ഷെൽട്ടർ സംരക്ഷണത്തിനുള്ള വിജ്ഞാനമോ വൈദഗ്ധ്യമോ ഡിടിപിസിക്ക് ഇല്ല. എടക്കലിനു പത്തു കിലോമീറ്റർ പരിധിയിൽ എല്ലാവിധ ഖനനവും നിരോധിക്കണം. ഷെൽട്ടർ പരിസരത്തെ നിർമാണങ്ങൾ തടയണം. നിലവിലുള്ളതു പൊളിച്ചുനീക്കണമെന്നും നിർദേശങ്ങളായി മന്ത്രി മുന്‍പാകെ വാക്കാൽ അവതരിപ്പിച്ചിട്ടുണ്ട്.എടക്കലിലെ പാറച്ചിത്രങ്ങളെക്കുറിച്ച് ആഴത്തിലുള്ള പഠനവും അനിവാര്യമാണ്.
ഷെൽട്ടറിലെ പാറച്ചിത്രങ്ങളിൽ സൈന്ധവമുദ്രകളിൽ കാണുന്ന 12 ചിഹ്നങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പകരംവയ്ക്കാനില്ലാത്തതാണ് എടക്കൽ ലിഖിതങ്ങൾ. മനുഷ്യവർഗത്തിന്റെ മുഴുവൻ ശ്രദ്ധ പതിയേണ്ട കേന്ദ്രമാണ് ഇവിടം. ലോകചരിത്രപഠനത്തിൽ ഒഴിച്ചുകൂടാനാകാത്ത ചില വസ്തുതകളാണ് റോക്ക് ഷെൽട്ടറിലുള്ളത്. ഇത് നശിപ്പിക്കുന്നത് രാജ്യത്തിനു അകത്തും പുറത്തുമുള്ള ചരിത്രവിദ്യാർഥികളോടുള്ള ദ്രോഹമാണ്. എടക്കലിൽ പാറച്ചിത്രങ്ങളിൽ ഒന്നിന് വരുത്തുന്ന നാശം ചരിത്രം എന്ന വിജ്ഞാനശാഖയോടുള്ള പാതകമാണെന്നും ഡോ.രാഘവ വാര്യർ പറഞ്ഞു.