തൃശൂർ: ഏടാകൂടം എന്നു പറഞ്ഞുകേട്ടതല്ലാതെ യഥാർഥ ഏടാകൂടം എന്താണെന്നു പലർക്കും മനസിലായതു തൃശൂരിലെ കലോത്സവത്തിനെത്തിയപ്പോഴാണ്. കലോത്സവത്തിലുണ്ടാകുന്ന ഏടാകൂടംതന്നെ എങ്ങനെ തീർക്കുമെന്നു സംഘാടകർ തലപുകഞ്ഞാലോചിക്കുന്പോഴാണ് യഥാർഥ ഏടാകൂടവുമായി ആറങ്ങോട്ടുകര സ്വദേശി ഉണ്ണി കലോത്സവ മുഖ്യവേദിയുടെ സമീപത്തെത്തിയത്.
മരത്തിൽ തീർത്ത ഒന്പത് വ്യത്യസ്ത ഏടാകൂടങ്ങളാണ് ഇവിടെ കൊണ്ടുവന്നിരിക്കുന്നത്. ഏടാകൂടം കാണാൻ നിരവധി പേരാണ് ഇവിടെയെത്തുന്നത്. പലരും ഏടാകൂടം അഴിച്ച് യഥാർഥ സ്ഥിതിയിലാക്കാൻ പറ്റാതെ ഉപേക്ഷിച്ചു പോകുകയാണ്. അതുതന്നെയാണ് ഏടാകൂടമെന്ന് ഉണ്ണി പറഞ്ഞു. ലോക്കഴിച്ചാൽ പിന്നെ പെട്ടെന്നൊന്നും ഇതു ശരിയാക്കാൻ പറ്റില്ല. കുറച്ച് മെനക്കെടണം. സാധാരണ ക്ഷമ പോരാ, ദീർഘക്ഷമ തന്നെ വേണം.
പാരന്പര്യമായി ആശാരി കുടുംബത്തിൽ പെട്ടയാളാണ് ഉണ്ണി. ഒരു പ്രത്യേക സാഹചര്യത്തിലാണ് ഏടാകൂടം ഉണ്ടാക്കാൻ തുടങ്ങിയത്. പിന്നെ അതൊരു ഹരമായി. ഏടാകൂടം വാങ്ങിക്കാൻ നിരവധി പേർ വീട്ടിലും എത്താറുണ്ടത്രേ. മരത്തിൽ പ്രത്യേക കണക്കിൽ രൂപപ്പെടുത്തിയാണ് ഏടാകൂടം ഉണ്ടാക്കുന്നത്. ഒരു തവണ അഴിച്ചാൽ പെട്ടതുതന്നെ. പിന്നെ പഴയ സ്ഥിതിയിലാക്കാൻ തപസിരിക്കേണ്ടിവരും. ക്ഷമയും ബുദ്ധിയും ഏടാകൂടത്തിൽപെട്ടാൽ തനിയെ ഉണ്ടാകും. പണ്ട് തന്പുരാക്കൻമാരാണ് ഇത്തരത്തിൽ ഏടാകൂടം ശരിയാക്കിയിരുന്നത്.
മരക്കട്ടകൾ മാല പോലെയുണ്ടാക്കി റൂബിക്സ് ക്യൂബ് ഉണ്ടാക്കുക, പ്രത്യേക ലോക്കിൽ തീർത്ത മരക്കട്ടകൾ അഴിച്ച് വീണ്ടും അതേപടി വയ്ക്കുക തുടങ്ങിയ ഏറെ വിഷമം പിടിച്ച ഏടാകൂടങ്ങളാണ് എല്ലാം. എന്തായാലും കലോത്സവ നഗരിയിലെത്തിയ ഏടാകൂടം ഒരു പോലീസുകാരൻ നാലു മണിക്കൂർ ഇരുന്ന് ശരിയാക്കിയിട്ടാണ് പോയത്. അതു വാങ്ങിക്കൊണ്ടു പോകുകയും ചെയ്തു. 250, 300 രൂപയാണ് ഏടാകൂടങ്ങളുടെ വില.