അങ്കമാലി: കറുകുറ്റി പഞ്ചായത്തിലെ എടക്കുന്ന് ഗ്രാമത്തിലെ ആളുകൾ മോഷണ ഭീതിയിൽ രാത്രിയിൽ വീടിനു പുറത്തിറങ്ങാൻ മടിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഭവ വികാസങ്ങളുടെ അടിസ്ഥാനത്തിലാണ് ആളുകൾ മോഷണ ഭീതിയിൽ ജാഗരൂകരായിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസം തുടർച്ചയായി പുലർച്ചെ രണ്ടോടെ വൈദ്യുതി ബന്ധം നിലച്ചിരുന്നു.
തിങ്കളാഴ്ച രാത്രി എടക്കുന്ന് ഒഎൽപിഎച്ച് സ്കൂളിന് സമീപമുള്ള ലക്ഷം വീട് കോളനിയുടെ സമീപം താമസിക്കുന്ന തച്ചിൽ അപ്രേം ത്രേസ്യാമ്മയുടെ ഭവനത്തിൽ രാത്രി 12ന് കോളിംഗ് ബെൽ അടിക്കുകയും ഉടൻ തന്നെ ആ പ്രദേശത്ത് വൈദ്യുതി ബന്ധം നിലയ്ക്കുകയും ചെയ്തു. വീട്ടുകാർ വാതിൽ തുറക്കാൻ വൈകിയപ്പോൾ വന്നയാൾ ബൈക്കിൽ തിരിച്ച് പോവുകയും ചെയ്തു.
തുടർന്ന് കറുകുറ്റി ഇലക്ട്രിസിറ്റി ഓഫീസിൽ വിളിച്ചു പറഞ്ഞ് വൈദ്യുത ബന്ധം പുനഃസ്ഥാപിക്കുകയും ചെയ്തു. പിറ്റേ ദിവസം സമാന സംഭവം എടക്കുന്നിന് സമീപമുള്ള ബസ്ലേഹം എന്ന സ്ഥലത്തും ഉണ്ടായി. കമ്പിളി പുതപ്പ് വിൽക്കാനായി ഇതരസംസ്ഥാനസ്വദേശികൾ പകൽ സമയത്ത് ചില വീടുകളിൽ മോഷ്ടിക്കാൻ കയറുന്നുണ്ടെന്നു പ്രചരിച്ചതിനാൽ ആളുകൾ ഭീതിയിലായി.
എടക്കുന്ന് പ്രദേശത്ത് ആളുകൾ രാത്രിയിൽ കാവൽ നിൽക്കുന്നതിനിടയിലാണ് തലേ ദിവസം കോളിംഗ് ബെൽ അടിച്ച തച്ചിൽ അപ്രേം ത്രേസ്യാമ്മയുടെ വീടിന്റെ പിറകുവശത്ത് കരികൊണ്ട് വരച്ച ചില അടയാളങ്ങൾ ശ്രദ്ധിക്കപ്പെട്ടത്.
വാർഡ് മെമ്പർ റെജി ജോർജിനെ വിവരമറിയിക്കുകയും മെമ്പർ സ്ഥലത്തെത്തി രാത്രി തന്നെ പോലീസിനെ വിളിച്ച് വരുത്തുകയും ചെയ്തു.
പോലീസ് സ്ഥലത്തെത്തി പ്രദേശത്ത് വിശദമായി പരിശോധന നടത്തിയിരുന്നു. വരും ദിവസങ്ങളിൽ പ്രദേശത്ത് പോലീസ് പട്രോളിംഗ് ശക്തമാക്കുമെന്നും അപരിചിതരെയോ അസ്വഭാവികമായോ എന്തെങ്കിലും കണ്ടാൽ ഉടൻ പോലീസിൽ അറിയിക്കണമെന്നും കൊറിയർ സർവീസ്, കമ്പിളി വിൽപന തുടങ്ങി വീടുകളിൽ നേരിട്ടുള്ള കച്ചവടത്തെ യാതൊരു രീതിയിലും പ്രോത്സാഹിപ്പിക്കരുതെന്നും അങ്കമാലി പോലീസ് അറിയിച്ചു.
അങ്കമാലി പോലീസ് സ്റ്റേഷനിലെ ഫോൺ നമ്പർ 0484- 2452328