ഇരിട്ടി: ആറുവയസുകാരിയുടെ കൈവിരലില്‍ ഇഡ്ലി തട്ട് കുടുങ്ങി. മണിക്കൂറുകൾ നീണ്ടു നിന്ന രക്ഷാപ്രവർത്തനത്തിനൊടുവിൽ ഫയർഫോഴ്സ് ഇഡ്ലി തട്ട് മുറിച്ചു മാറ്റി. ഇന്നലെ വൈകുന്നേരമാണ് സംഭവം. ഇരിട്ടി പെരുമ്പറമ്പ് സ്വദേശി ശ്രീജിത്ത്-സുജന ദമ്പതികളുടെ മകള്‍ ശ്രീയയുടെ കൈവിരലിലാണ് ഇഡ്ലി തട്ടു കുടുങ്ങിയത്. കൂട്ടുകാരോടൊത്ത് കളിക്കുന്നതിനിടെ ശ്രീയയുടെ ഇടതു കൈയുടെ ചെറുവിരലിലാണ് ഇഡ്ലി പാത്രത്തിന്റെ തട്ട് കുടുങ്ങിയത്.
തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും ഇഡ്ലി തട്ട് ഊരിമാറ്റാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഒടുവില്‍ വീട്ടുകാര്‍ കുട്ടിയെയും കൂട്ടി ഇരിട്ടി ഫയര്‍ സ്റ്റേഷനില്‍ എത്തുകയായിരുന്നു. എയര്‍ കട്ടറും മറ്റു സംവിധാനവും ഉപയോഗിച്ച് കൈ വിരലില്‍ കുടുങ്ങിയ ഇഡ്ലി പാത്രം മുറിച്ചു മാറ്റാന്‍ ശ്രമിച്ചെങ്കിലും പൂര്‍ണ്ണമായും മുറിച്ചു മാറ്റാന്‍ കഴിഞ്ഞിരുന്നില്ല. കൈ വിരലാകട്ടെ മുറിയുകയും നീരുവന്നു തടിക്കുകയും ചെയ്തു.
സ്റ്റീലിന്റെ ഇഡ്ലി പാത്രമായതിനാലാണ് മുറിച്ചു മാറ്റാന്‍ കഴിയാതെ വന്നത്. ഒടുവില്‍ വേദന കൊണ്ട് പുളഞ്ഞ ശ്രീയയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും കൈവിരല്‍ മരവിപ്പിക്കാന്‍ ഇഞ്ചന് വെക്കുകയും ചെയ്തു.തുടര്‍ന്ന് വീണ്ടും ഫയര്‍സ്റ്റേഷനില്‍ എത്തി ശ്രമം തുടർന്നു.
എന്നാല്‍ ഇഡ്ലി തട്ട് പൂർണമായും മുറിച്ചു മാറ്റാന്‍ കഴിയാതെ വരികയും സ്വര്‍ണ പണിക്കാരന്റെ സഹായം തേടുകയും ചെയ്തു.പെരുമ്പറമ്പ് സ്വദേശി സ്വര്ണപണിക്കാരന് ഷിനോജ് സ്ഥലത്തെത്തുകയും ഇഡ്ലി തട്ടിന്റെ ബാക്കി ഭാഗം മുറിച്ചു മാറ്റുകയുമായിരുന്നു. മൂന്നു മണിക്കൂറുകളോളം നീണ്ട പ്രയത്നത്തിനൊടുവില്‍ ആയിരുന്നു കൈവിരലില്‍ കുടുങ്ങിയ ഇഡ്ലി തട്ട് പൂര്‍ണമായും മുറിച്ചു നീക്കാനായത്.