മൂന്നാർ: മൂന്നാറിൽ നടക്കുന്ന ഉപജില്ലാ ശാസ്ത്രോത്സവത്തിൽ പങ്കെടുക്കാൻ ഇടമലക്കുടിയിലെ കുരുന്നുകൾ എത്തിയത് എട്ടുമണിക്കൂർ കാട്ടുപാതയിലൂടെ കാൽനടയായി. കാലവർഷത്തെതുടർന്നുണ്ടായ ഉരുൾപൊട്ടലിൽ റോഡ് പൂർണമായി ഇല്ലാതായിട്ട് രണ്ടുമാസം പിന്നിടുന്പോഴും തിരിഞ്ഞുനോക്കാൻപോലും ഉദ്യോഗസ്ഥർ തയറായിട്ടില്ല.
പത്തു കുട്ടികളാണ് മൂന്നാർ ലിറ്റിൽ ഫ്ളവർ സ്കൂളിൽ രണ്ടുദിവസമായി നടക്കുന്ന ശാസ്ത്രോത്സവത്തിൽ പങ്കെടുക്കാൻ മൂന്ന് അധ്യാപകരുമൊത്ത് എത്തിയത്. ഇന്നലെ രാവിലെ ഏഴിന് കുടിയിൽനിന്നും ആരംഭിച്ച നടത്തും ഉച്ചകഴിഞ്ഞ് മൂന്നിന് സ്കൂളിലാണ് അവസാനിച്ചത്.
കുട, സോപ്പ്, പാവ നിർമാണത്തിന് പുറമെ വോളിബോൾ നെറ്റ്, മുത്തു കൊണ്ടുള്ള ഉത്പന്നം, ലോഹതകിടുകൾ, മരത്തിലെ കൊത്തുപണികളും ശാസ്ത്രോത്സവത്തോടനുബന്ധിച്ച് കുട്ടികൾ പ്രദർശിപ്പിക്കുന്നുണ്ട്. ഷിംലാൽ, വാസുദേവൻ, വ്യാസ് എന്നീ അധ്യാപകർക്കൊപ്പമാണ് പത്തുപേരടങ്ങുന്ന സംഘം മൂന്നാറിലെത്തിയിരിക്കുന്നത്.