കോതമംഗലം: ഗുരുതരമായി പരിക്കേറ്റനിലയിൽ കാട്ടാനയെ കണ്ടെത്തി. ഇടമലയാർ സർക്കാർ സ്കൂളിനു സമീപം വനത്തിലെ അരുവിയിലാണ് വനപാലകർ 30 വയസോളം പ്രായമുള്ള പിടിയാനയെ അവശനിലയിൽ കണ്ടെത്തിയത്. ആനയുടെ ഇടതുചെവി മുറിഞ്ഞ് ഒരു ഭാഗം അറ്റുപോയിട്ടുണ്ട്. തലയിൽ ആഴത്തിലുള്ള മുറിവുള്ളതായും കഴുത്തിലും മുൻകാലിലും പരിക്കുള്ളതായും വനപാലകർ പറഞ്ഞു.
മുറിവുകളിൽ പുഴു അരിക്കുന്നുണ്ട്. തീറ്റയെടുക്കുന്നില്ല. മറ്റ് ആനകളുടെ കുത്തേറ്റു പരിക്ക് സംഭവിച്ചതാകാമെന്നാണ് അനുമാനം. പരിക്കേറ്റു ദിവസങ്ങളോളം വനത്തിൽ കഴിഞ്ഞശേഷമാണ് ആന കാട്ടരുവിയിൽ എത്തിയതെന്നു കരുതുന്നു. വേദന കൂടുന്പോൾ ആശ്വാസത്തിനായി തുന്പിക്കൈകൊണ്ട് ചെളിയും വെള്ളവും മുറുവുകളിൽ ഒഴിക്കുന്നുണ്ടായിരുന്നു.
ഇന്നലെ വൈകുന്നേരത്തോടെ അരുവിയിൽനിന്നു കരയ്ക്കു കയറിയ കാട്ടാന വനത്തിനുള്ളിലേക്ക് നീങ്ങിയിട്ടുണ്ട്. ഉൾവനത്തിലേക്കു പോകാൻ സാധ്യത കുറവാണെന്നും വീണ്ടും അരുവിയിലെത്താനിടയുണ്ടെന്നും പ്രദേശവാസികൾ പറയുന്നു. ആനയെ കണ്ടെത്തി ചികിത്സ ലഭ്യമാക്കാനുള്ള പരിശ്രമത്തിലാണ് വനംവകുപ്പ്. ഇതിനായി ഡോക്ടറെ സ്ഥലത്തെത്തിച്ചു. പൈനാപ്പിളിലും മറ്റും വച്ചു മരുന്ന് നൽകുകയാണു ലക്ഷ്യം.
മരുന്നും തീറ്റയും നൽകാനായാൽ ആനയ്ക്ക് ആരോഗ്യം വീണ്ടുകിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി തുണ്ടം റേഞ്ച് ഓഫീസർ സിജോ സാമുവൽ പറഞ്ഞു. ഏതാനും വർഷം മുന്പ് ഡാം റിസർവോയറിൽ പരിക്കേറ്റ് കൊന്പൻ എത്തിയിരുന്നു. രക്ഷപ്പെടുത്താനുള്ള പരിശ്രമങ്ങൾ വിഫലമാകുകയും ആഴ്ചകൾക്കുശേഷം ആന ചെരിയുകയുമാണുണ്ടായത്.