കോട്ടയം: തിരുനക്കര ടാക്സി സ്റ്റാൻഡിൽ നിന്ന് യാത്രക്കാർ എംസി റോഡിലേക്ക് പോകുന്ന രാജധാനി ഹോട്ടലിന്റെ ഇടനാഴി എന്നും പേടി സ്വപ്നമാണ്. ഇവിടെ സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം നിത്യ സംഭവമാണ്. ഇടയ്ക്ക് പോലീസ് ഇതുവഴി റോന്തു ചുറ്റുമെങ്കിലും സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടത്തിന് അറുതിയില്ല. തമ്മിൽ തല്ലും വാക്കേറ്റവും മദ്യപാനവും നിത്യ സംഭവമാണ്. ഇതുവഴി സ്ത്രീകൾക്ക് നടക്കാൻ പോലും കഴിയാത്ത സാഹചര്യം നിലനിന്നിരുന്നു.
ഇന്നലെ ഇടനാഴിയിലെ കൊലപാതക വാർത്തകൂടി പുറത്തു വന്നതോടെ ജനങ്ങളുടെ ആശങ്ക വർധിച്ചിരിക്കുകയാണ്. ഇടനാഴിയിൽ നിൽക്കുന്നവരുടെ കൈയിൽ കത്തിയുണ്ടെന്ന വിവരമാണ് ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നത്. ഇന്നലെ വാടക തർക്കത്തെ തുടർന്നാണ് ഒരാളെ കുത്തിക്കൊന്നത്.
എന്തെങ്കിലുമൊരു വാക്കുതർക്കമുണ്ടായാൽ മറുപടി നല്കുന്നത് കത്തിയാവുമോ എന്നതാണ് ജനങ്ങളുടെ ആശങ്ക. സ്കൂൾ കുട്ടികളും സ്ത്രീകളും അടക്കം നൂറുകണക്കിന് യാത്രക്കാരാണ് ഇടനാഴിയിലൂടെ ദിവസവും യാത്ര ചെയ്യുന്നത്.
സ്റ്റാൻഡിൽ കയറാത്ത ചില സ്വകാര്യ ബസുകൾ രാജധാനി ഹോട്ടലിനു മുന്നിൽ നിർത്തി ആളെ ഇറക്കും. യാത്രക്കാരൻ സ്റ്റാൻഡിലേക്ക് പോകുന്നത് ഇന്നലെ കൊലപാതകം നടന്ന ഇടനാഴിയിലൂടെയാണ്. യാചകരും ലോട്ടറി വിൽപനക്കാരും അടക്കം നിരവധി പേരാണ് ഇടനാഴിയിൽ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നത്.