പീഡനം നടന്ന ദിവസം തന്നെ പോലീസിനെ അറിയിച്ചിട്ടും നടപടിയുണ്ടായില്ല ! മൂന്നാം ദിവസം ചൈല്‍ഡ് ലൈനെ വിളിച്ചറിയിച്ചപ്പോള്‍ വിളിച്ചറിയിച്ചയാള്‍ക്കെതിരേ കേസ്; തീയറ്റര്‍ പീഡനക്കേസില്‍ പോലീസ് പറയുന്നത് പച്ചക്കള്ളം…


എടപ്പാള്‍: തീയറ്റര്‍ പീഡനക്കേസില്‍ പോലീസിന്റെ വാദങ്ങള്‍ തെറ്റെന്ന് ക്രൈം ബ്രാഞ്ച്. തീയറ്റര്‍ പീഡനക്കേസില്‍ വിവരം അറിയിച്ചില്ലെന്നും ദൃശ്യങ്ങള്‍ വെച്ച് വിലപേശലിന് ശ്രമിച്ചെന്നുമായിരുന്നു തീയേറ്റര്‍ ഉടമയ്‌ക്കെതിരേയുള്ള പോലീസിന്റെ വാദം.

പീഡനം നടന്ന ദിവസം തീയേറ്റര്‍ ഉടമ ഉദ്യോഗസ്ഥനുമായി മൂന്ന് മിനിറ്റോളം സംസാരിച്ചതിന്റെ തെളിവുകള്‍ ക്രൈംബ്രാഞ്ചിന് കിട്ടി. നേരത്തേ ഇക്കാര്യം ഉന്നയിച്ച് തീയേറ്റര്‍ ഉടമയ്ക്ക് എതിരേ പോലീസ് കേസെടുത്തതും കസ്റ്റഡിയില്‍ എടുത്തതും വിവാദമായിരുന്നു.

സംഭവദിവസം സ്‌പെഷ്യല്‍ ബ്രാഞ്ച് ഓഫീസറുടെ നമ്പറില്‍ തീയേറ്റര്‍ ഉടമ വിളിച്ചതും മൂന്ന് മിനിറ്റ് സംസാരിച്ചിരുന്നതായുമാണ് കണ്ടെത്തിയത്. പിന്നീട് തീയേറ്റര്‍ ഉടമ രണ്ടു ദിവസം കാത്തിരുന്നിട്ടും ആരും വരാതെ വന്നതോടെയായിരുന്നു ചൈല്‍ഡ്‌ലൈനെ അറിയിച്ചതും നേരത്തേ പകര്‍ത്തി വെച്ചിരുന്ന ദൃശ്യം നല്‍കിയതും. സിസിടിവിയില്‍ നിന്നും ദൃശ്യം നശിക്കുമെന്നായതോടെയാണ് പെന്‍ഡ്രൈവിലേക്ക് മാറ്റിയത്. പിന്നീട് സുഹൃത്തിന്റെ നിര്‍ദ്ദേശാനുസരണം ചൈല്‍ഡ് ലൈനെ അറിയിച്ചു.

ഏപ്രില്‍ 18 ന് രാത്രി 9.40 നായിരുന്നു തീയേറ്റര്‍ ഉടമ സ്‌പെഷ്യല്‍ബ്രാഞ്ച് ഉദ്യോഗസ്ഥനെ വിളിച്ചു വിവരം പറഞ്ഞത്. അന്വേഷണസംഘം ചോദ്യം ചെയ്തപ്പോള്‍ ഇക്കാര്യം സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.

വിളിയുടെ ഡീറ്റെയ്ല്‍സും അന്വേഷണസംഘം തപ്പിയെടുത്തു. ഇരുവരും തമ്മില്‍ മൂന്നര മിനിറ്റാണ് സംസാരിച്ചത്. പിറ്റേന്ന് സ്‌റ്റേഷനില്‍ അറിയിച്ച് പോലീസുമായി വരാമെന്ന് പറഞ്ഞ ഇദ്ദേഹത്തെയോ പോലീസിനെയോ 19,20 തീയതികളില്‍ നോക്കിയിരുന്നിട്ടും വന്നില്ല.

തുടര്‍ന്നാണ് 21 ന് ചൈല്‍ഡ്‌ലൈനെ വിവരം അറിയിച്ചതും രണ്ടു ദിവസം കഴിഞ്ഞ് ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവ് നല്‍കിയതും. ദൃശ്യങ്ങള്‍ ഒരാഴ്ച പൂഴ്ത്തിവച്ചശേഷം മാത്രമാണ് ചൈല്‍ഡ് ലൈനെ അറിയിച്ചതെന്നായിരുന്നു പോലീസിന്റെ ആരോപണം.

അതേസമയം സംഭവത്തില്‍ തീയേറ്റര്‍ ഉടമയ്ക്ക് പ്രതിയുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധം ക്രൈംബ്രാഞ്ചിന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടുമില്ല. എന്തായാലും പോലീസ് ഉയര്‍ത്തിയ ഒരു നുണക്കഥ കൂടി പൊളിഞ്ഞു വീഴുകയാണ്.

Related posts