മഞ്ചേരി: കുറ്റപത്രം സമർപ്പിക്കുന്നതിനു പോലീസ് വരുത്തിയ വീഴ്ചയെത്തുടർന്നു പീഡനക്കേസ് പ്രതികൾക്ക് ജാമ്യം. എടപ്പാൾ തിയേറ്റർ പീഡനക്കേസിലെ പ്രതികൾക്കാണ് മഞ്ചേരി പോക്സോ സ്പെഷൽ കോടതി ചുമതലയുള്ള അഡീഷണൽ ജില്ലാ സെഷൻസ് കോടതി (രണ്ട്) ജാമ്യം അനുവദിച്ചത്. ഒന്നാംപ്രതി തൃത്താല കാങ്കുന്നത്ത് മൊയ്തീൻകുട്ടി (60), രണ്ടാംപ്രതി കുട്ടിയുടെ മാതാവ് എന്നിവർക്കാണ് ജഡ്ജി എ.വി.നാരായണൻ ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
2018 ഏപ്രിൽ 18നാണ് കേസിനാസ്പദമായ സംഭവം. തൻറെ ഉടമസ്ഥതയിലുള്ള വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന യുവതിയും മകളുമൊന്നിച്ച് എടപ്പാലിലെ തിയറ്ററിൽ സിനിമ കാണാനെത്തിയതായിരുന്നു മൊയ്തീൻ. ഇരുവശങ്ങളിലായി ഇരുന്ന മാതാവിനെയും കുഞ്ഞിനെയും പ്രതി പീഡിപ്പിക്കുന്നതു തിയേറ്ററിലെ സിസിടിവിയിൽ പതിയുകയായിരുന്നു.
തിയേറ്റർ ഉടമ നൽകിയ സിസിടിവി ദൃശ്യത്തെത്തുടർന്നു ചൈൽഡ് ലൈൻ അധികൃതർ ചങ്ങരംകുളം പോലീസിൽ പരാതി നൽകുകയായിരുന്നു. കുട്ടിയെ പീഡിപ്പിക്കുന്നതിന് പ്രതിക്ക് ഒത്താശ നൽകി എന്ന കേസിലാണ് മാതാവിനെ മേയ് 13ന് പോക്സോ വകുപ്പ് അനുസരിച്ച് അറസ്റ്റ് ചെയ്തത്. അറസ്റ്റ് നടന്നു 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കണമെന്നാണ് ചട്ടം.
ഇതു പാലിക്കാത്തപക്ഷം സ്വാഭാവിക ജാമ്യത്തിന് പ്രതി അർഹയാണെന്ന അഭിഭാഷൻ കെ.വി.സാബുവിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഇക്കഴിഞ്ഞ പത്തിനാണ് അറസ്റ്റ് ചെയ്ത് 90 ദിവസം പൂർത്തിയാകുന്നത്. എന്നാൽ കുറ്റപത്രം സമർപ്പിക്കേണ്ട പത്താം തിയതി പ്രോസിക്യൂഷൻ കോടതിയോടു കൂടുതൽ സമയം ആവശ്യപ്പെടുകയായിരുന്നു. പോക്സോ കേസിൻറെ അന്വേഷണം പൂർത്തിയായില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു പ്രോസിക്യൂഷൻ ആവശ്യം.
എന്നാൽ കോടതി ഇതു അംഗീകരിച്ചില്ല. പോക്സോ നിയമ പ്രകാരം കുറ്റപത്രം സമർപ്പിക്കുന്നത് നീട്ടാൻ കോടതിയ്ക്കു അധികാരമില്ലെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. യുഎപിഎ, പോട്ട, മെക്കാകോ നിയമ പ്രകാരം മാത്രമേ ഇത്തരത്തിൽ സമയം നീട്ടാൻ കോടതിക്ക് അധികാരമുള്ളൂ. 11 ാം തിയതി രണ്ടാംശനിയും 12-ാം തിയതി ഞായറും ആയതിനാൽ ഇന്നലെയാണ് തൃശൂർ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി ഉല്ലാസ് മഞ്ചേരി കോടതിയിൽ 450 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്.
ഒന്നാംപ്രതി മൊയ്തീൻകുട്ടിക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമം 376 (ബലാത്സംഗം), പോക്സോ വകുപ്പിലെ അഞ്ച്, ആറ്, ഒന്പത്, പത്ത് വകുപ്പുകളും ചുമത്തിയിട്ടുണ്ട്. പെണ്കുട്ടിയുടെ മാതാവിൻറെ പേരിൽ പോക്സോ വകുപ്പിലെ 16, 17, ജുവനൈൽ വകുപ്പ് 75 എന്നിവയുമുണ്ട്. ചൈൽഡ് ലൈൻ പ്രവർത്തകരും തിയറ്റർ ജീവനക്കാരുമടക്കം 55 സാക്ഷികളാണുളളത്.
വ്യവസായിയായ ഒന്നാം പ്രതിയുടെ സ്വാധീനം മൂലം കേസെടുക്കാൻ മടി കാണിച്ച എസ്ഐ കെ.ജി ബേബിയെ നേരത്തെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. ഇപ്പോൾ കുറ്റപത്രം സമർപ്പിക്കുന്നതിൽ പോലീസ്് വരുത്തിയ വീഴ്ചയും പ്രതികൾക്ക് അനുകൂലമായിരിക്കയാണ്.