ബൈക്ക് അന്വേഷിച്ച് എത്തിയാല്‍ കേസില്‍ പ്രതിയാകുമെന്ന് ഭയം! എടപ്പാളില്‍ നിന്ന് പിടിച്ചെടുത്ത ബൈക്കുകളെല്ലാം പോലീസ് സ്റ്റേഷനില്‍ തന്നെ; വാഹനങ്ങള്‍ വിട്ടു നല്‍കണമെന്ന് നേതാക്കളുടെ ആവശ്യം പരിഗണിക്കാതെ പോലീസ്

ഏറ്റവും ഒടുവില്‍ കേരളത്തില്‍ നടന്ന ബിജെപി ഹര്‍ത്താലില്‍ കേരളത്തെ ചിരിപ്പിച്ച ഒരു രംഗമുണ്ടായിരുന്നു. എടപ്പാള്‍ ടൗണിലേയ്ക്ക് ബൈക്കുകളില്‍ ഇരച്ചെത്തിയ ഹര്‍ത്താലനുകൂലികളെ നാട്ടുകാരും ഹര്‍ത്താല്‍ വിരുദ്ധരും ചേര്‍ന്ന് അടിച്ചോടിക്കുന്ന രംഗമായിരുന്നു അത്. നാട്ടുകാര്‍ ഇരച്ചെത്തിയതോടെ ബൈക്കുകള്‍ പോലും ഉപേക്ഷിച്ച് ഹര്‍ത്താലനുകൂലികള്‍ ഓടി രക്ഷപെടുകയായിരുന്നു.

ആവശ്യത്തിനും അനാവശ്യത്തിനും ഹര്‍ത്താലുകളുമായി എത്തുന്നവരോട് കേരളം പ്രതികരിക്കേണ്ടത് ഇങ്ങനെയാണെന്ന് ചൂണ്ടിക്കാട്ടി എടപ്പാള്‍ മോഡല്‍ സംസ്ഥാനത്ത് ഉണ്ടാവണമെന്നും പ്രചരണമുണ്ടായിരുന്നു. അന്നത്തെ ആ സംഭവവുമായി ബന്ധപ്പെട്ട ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

ഹര്‍ത്താല്‍ ദിനത്തില്‍ എടപ്പാള്‍ ടൗണില്‍നിന്നു പിടികൂടിയ ബൈക്കുകള്‍ തിരിച്ചെടുക്കാന്‍ ആളെത്തുന്നില്ല എന്നതാണത്. ആളെത്താത്തതിനാല്‍ ഒരുമാസമായി ബൈക്കുകളെല്ലാം സ്റ്റേഷനില്‍ കിടക്കുകയാണ്. ഹര്‍ത്താല്‍ അനുകൂലികള്‍ സഞ്ചരിച്ചിരുന്ന 35 ബൈക്കുകളാണ് പോലീസ് കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുന്നത്. ഇവ തിരിച്ചെടുക്കാന്‍ ആരും എത്താതായത് പോലീസിനു തലവേദനയായി.

ബൈക്ക് അന്വേഷിച്ചെത്തിയാല്‍ കേസില്‍ പ്രതിയാകുമെന്ന സംശയത്തിലാണ് ആരും ഏറ്റെടുക്കാന്‍ എത്താത്തതെന്ന് പോലീസ് പറയുന്നു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 30 പേരെ മാത്രമാണ് അറസ്റ്റ് ചെയ്തത്. മറ്റുള്ളവരെ പിടികൂടാനായിട്ടില്ല. പലരും ഒളിവില്‍ത്തന്നെയാണ്. കസ്റ്റഡിയിലുള്ള വാഹനങ്ങളുടെ ആര്‍സി ഉടമകളെ കണ്ടെത്തി കേസെടുക്കാനുള്ള നീക്കത്തിലാണ് പോലീസ്.

അതേസമയം ചില വാഹനങ്ങള്‍ സമരാനുകൂലികള്‍ സുഹൃത്തുക്കളില്‍ നിന്നും മറ്റും വാങ്ങിയതാണ്. യഥാര്‍ഥ ഉടമകള്‍ കേസില്‍ പ്രതികളുമല്ല. മറ്റു ചിലര്‍ ഹര്‍ത്താല്‍ ദിനത്തില്‍ ടൗണിലെത്തി വാഹനം നിര്‍ത്തിയിട്ട് രംഗം വീക്ഷിക്കാനായി എത്തിയവരാണ്. ഇവരുടെ ബൈക്കുകളും പോലീസ് കസ്റ്റഡിയിലെടുത്തതിലുണ്ട്.

ഒരുമാസമായി സ്റ്റേഷനില്‍ വിശ്രമിക്കുന്ന ബൈക്കുകള്‍ വിട്ടുകിട്ടാതെ നിരപരാധികളായ ചില ഉടമകളും. ടൗണില്‍ പ്രകടനം നടക്കുമ്പോള്‍ ഇതു വീക്ഷിക്കാനായാണ് ചിലര്‍ വാഹനം റോഡരികില്‍ നിര്‍ത്തിയിട്ടത്. എന്നാല്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായതോടെ രംഗം മാറി. അക്രമത്തിനിടെ പല ബൈക്കുകളും തകര്‍ന്നു.

ബൈക്ക് അന്വേഷിച്ച് സ്റ്റേഷനിലെത്തിയാല്‍ കേസില്‍ പ്രതിയാകുമെന്ന ഭയത്താലാണ് പലരും അന്വേഷിച്ചു പോകാത്തത്. വാഹനം വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ നേതാക്കള്‍ സ്റ്റേഷനിലേക്ക് വിളിക്കുന്നുണ്ടെങ്കിലും എല്ലാ പ്രതികളെയും പിടിച്ചതിനുശേഷം മാത്രമേ വാഹനങ്ങള്‍ വിട്ടു നല്‍കൂ എന്നാണ് പോലീസ് പറയുന്നത്.

Related posts