എടപ്പാൾ: സിനിമാ തിയറ്ററിൽ പത്തുവയസുകാരി പീഡനത്തിനിരയായ സംഭവം പുറത്തുകൊണ്ടുവന്നവർക്കെതിരെ കൂടുതൽ നടപടികൾക്ക് പോലീസ് നീക്കം. ചൈൽഡ് ലൈൻ പ്രവർത്തകരെ അടക്കം കേസിൽ ഉൾപ്പെടുത്താനാണ് പോലീസിന്റെ ശ്രമം.
തിയറ്റർ ഉടമയെ അറസ്റ്റുചെയ്തത് ഒഴിവാക്കാനാകാത്ത നടപടിയാണെന്നാണ് മലപ്പുറം എസ്പി പ്രതീഷ് കുമാർ പ്രതികരിച്ചത്. ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് നൽകി പ്രചരിപ്പിച്ചുവെന്ന കുറ്റം തിയറ്റർ ഉടമക്കെതിരെ പോലീസ് ആരോപിക്കുന്നുണ്ടെങ്കിലും പ്രഥമവിവരറിപ്പോർട്ടിൽ ചേർത്തിട്ടില്ല.
പ്രതിഷേധം തണുത്ത ശേഷം തിയറ്റർ ഉടമക്കെതിരെ കൂടുതൽ വകുപ്പുകൾ ഉൾപ്പെടുത്താനാണ് നീക്കം. അതേസമയം, തിയറ്റർ ഉടമയെ അറസ്റ്റു ചെയ്തതു നിയമപരമാണോയെന്നു അന്വേഷിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ, ഡിജിപിയോടു ആവശ്യപ്പെട്ടിട്ടുണ്ട്.
തുടർന്നു ഡിജിപി നിയമോപദേശവും തേടിയിട്ടുണ്ട്. തിയറ്റർ ഉടമയെ അറസ്റ്റു ചെയ്തതു പോക്സോ നിയമപ്രകാരം നിലനിൽക്കുന്നതാമോയെന്നാണ് പരിശോധിക്കുന്നത്. ഈ നിയമോപദേശം കിട്ടിയശേഷം അടുത്തനടപടികൾ എടുക്കും.
പോലീസിനെ വിവരമറിയിക്കാൻ കാലതാമസം വരുത്തിയതിനും ദൃശ്യങ്ങൾ പ്രചരിപ്പിക്കാൻ കൂട്ടുനിന്നു എന്ന കുറ്റം ചുമത്തിയുമാണ് തിയറ്റർ ഉടമ ഇ.സി.സതീഷ (55)നെ അറസ്റ്റ് ചെയ്തത്. തിയറ്റർ ഉടമക്കെതിരെ പോക്സോ ചുമത്താനും മഞ്ചേരി കോടതിയിൽ ഹാജരാക്കാനുമായിരുന്നു പോലീസ് തീരുമാനിച്ചിരുന്നത്.
എന്നാൽ പ്രതിഷേധം ശക്തമായതോടെ ജാമ്യം നൽകി പോലീസ് തടിയൂരുകയായിരുന്നു. സംഭവത്തിൽ കണ്ണടയ്ക്കാൻ സാധിക്കുമായിരുന്നിട്ടും അതിനു മുതിരാതെ സതീഷ് വിഷയം പൊതുസമൂഹത്തിനു മുന്നിൽക്കൊണ്ടു വരികയായിരുന്നു.ചൈൽഡ് ലൈനിനാണ് സതീഷ് തെളിവു നൽകിയത്.
ആരും ഇനി ഇത്തരം കാര്യങ്ങളിൽ ഇടപെടരുതെന്ന സന്ദേശമാണ് ഇതിലൂടെ പോലീസ് നൽകിയത്. വിവിധ സംഭവങ്ങളെത്തുടർന്നു ആഭ്യന്തര വകുപ്പ് വിമർശനം നേരിട്ടുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് പോലീസിനെ വീണ്ടും നാണക്കേടിലാക്കിയ അറസ്റ്റ് നടന്നത്. കേസ് അന്വേഷണം ഏതാണ്ടു അവസാന ഘട്ടത്തിലെത്തി നിൽക്കെയാണ് ഇന്നലെ തിയേറ്റർ ഉടമയെ അറസ്റ്റ് ചെയ്തത്.
കേസന്വേഷണം നടത്തുന്ന മലപ്പുറം ഡിസിആർബി ഡിവൈഎസ്പി ഷാജി വർഗീസാണ് തിയറ്റർ ഉടമ ഇ.സി.സതീശ (55) നെ അറസ്റ്റ് ചെയ്തത്. വനിതാ കമ്മീഷൻ അധ്യക്ഷ എം.സി.ജോസഫൈൻ ഉൾപ്പെടെ പോലീസ് നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തുവന്നതോടെ തിയറ്റർ ഉടമയെ സ്റ്റേഷൻ ജാമ്യത്തിൽ വിടുകയായിരുന്നു.
ചോദ്യം ചെയ്യാനായി സതീശനെ ചങ്ങരംകുളം സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ ശേഷമായിരുന്നു അറസ്റ്റ്. ഇക്കഴിഞ്ഞ ഏപ്രിൽ 18 നായിരുന്നു എടപ്പാൾ ശാരദ ടാക്കീസിൽ വച്ച് മാതാവിനൊപ്പം സിനിമ കാണാനെത്തിയ പത്തു വയസുകാരിയെ തൃത്താല സ്വദേശിയായ കാങ്കുന്നത്ത് മൊയ്തീൻകുട്ടി പീഡിപ്പിച്ചത്.
സംഭവം പുറത്തായതോടെ പ്രതിയായ തൃത്താല സ്വദേശി മൊയ്തീൻകുട്ടിയെയും ഒത്താശ ചെയ്ത കുട്ടിയുടെ മാതാവിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. മാതാവിനെ പിന്നീട് ജാമ്യത്തിൽവിട്ടിരുന്നു.
കേസന്വേഷണത്തിൽ വീഴ്ച വരുത്തിയതിന് നേരത്തെ ചങ്ങരംകുളം എസ്ഐ കെ.ജി.ബേബി, സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ കെ.മധു എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു. ഇവർക്കെതിരെ നിസാരവകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പ്രതിക്കെതിരെയും നിസാരവകുപ്പുകളാണ് ആദ്യം ചുമത്തിയത്. മേലുദ്യോഗസ്ഥരിടപെട്ടാണ് കൂടുതൽ വകുപ്പുകൾ ഉൾപ്പെടുത്തിയത്.