കൊച്ചി: മാതാപിതാക്കൾ ഉപേക്ഷിച്ചതിനെത്തുടർന്ന് ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പരിചരണത്തിൽ കഴിഞ്ഞുവന്ന കുഞ്ഞിനെ ഇനി സന്യാസിനികൾ പരിചരിക്കും. സിസ്റ്റേഴ്സ് ഓഫ് നസ്രത്ത് സന്യാസിനിമാരുടെ മേൽനോട്ടത്തിൽ അങ്കമാലി പാദുവാപുരത്തു പ്രവർത്തിക്കുന്ന ശിശുഭവനിലേക്കു കുഞ്ഞിനെ മാറ്റി. ചൈൽഡ് വെൽഫയർ കമ്മിറ്റി (സിഡബ്ല്യുസി) ഏറ്റെടുത്തശേഷമാണു കുഞ്ഞിനെ ശിശുഭവനു കൈമാറിയത്.
ഉപേക്ഷിക്കപ്പെട്ട നിലയിൽ കുഞ്ഞിനെ കണ്ടെത്തിയ വിവരമറിഞ്ഞ് ഇന്നലെ രാവിലെതന്നെ സിഡബ്ല്യുസി അധികൃതർ ആശുപത്രിയിലെത്തിയിരുന്നു. ആരോഗ്യസ്ഥിതി തൃപ്തികരമെന്നു ബോധ്യപ്പെട്ടതിനെത്തുടർന്നു നിയമനടപടികൾ പൂർത്തിയാക്കി കുഞ്ഞിനെ ഏറ്റെടുത്തു. തുടർന്നാണ് ശിശുഭവനു കൈമാറിയത്.
ശിശുഭവന്റെ ചുമതല വഹിക്കുന്ന സിസ്റ്റർ ജൂലിറ്റ് കുഞ്ഞിനെ ഏറ്റുവാങ്ങി. കുഞ്ഞിനെ ഏറ്റെടുക്കാൻ തയാറാണെന്നും അപ്പോഴത്തെ മാനസികാവസ്ഥയിൽ ചെയ്തു പോയതാണെന്നും മാതാപിതാക്കൾ സിഡബ്ല്യുസി അധികൃതരോടും വ്യക്തമാക്കി. ദന്പതികളോടു തിങ്കളാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അന്നു വീണ്ടും കൗണ്‍സലിംഗ് നൽകുമെന്നും ചൈൽഡ് വെൽഫെയർ കമ്മിറ്റി അധികൃതർ പറഞ്ഞു. പ്രോലൈഫ് പ്രവർത്തകരും ദന്പതികൾക്കു കൗണ്‍സലിംഗ് നൽകി.
ഉപേക്ഷിക്കപ്പെട്ട കുഞ്ഞിനു സംരക്ഷണം നൽകാമെന്ന് തൃശൂർ അതിരൂപത
തൃശൂർ: ഇടപ്പള്ളി പള്ളിയിൽ മാതാപിതാക്കൾ ഉപേക്ഷിച്ചു മുങ്ങിയ നവജാത ശിശുവിനെ ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ച് തൃശൂർ അതിരൂപതയും മറ്റു സന്നദ്ധ സ്ഥാപനങ്ങളും രംഗത്ത്. കുഞ്ഞിനെ ഏറ്റെടുത്ത് അതിരൂപത ക്രിസ്റ്റീന ഹോമിൽ വളർത്താൻ തയാറാണെന്ന് അതിരൂപത വക്താക്കൾ അറിയിച്ചു.
കൂടുതൽ മക്കൾ നാടിന്റെ നന്മയ്ക്കും കുടുംബഭദ്രതയ്ക്കും ആവശ്യമാണെന്നു തൃശൂർ അതിരൂപത ജോണ്‍പോൾ പ്രൊലൈഫ് മൂവ്മെന്റ് ഡയറക്ടർ ഫാ. ഡെന്നി താണിക്കൽ പത്രക്കുറിപ്പിൽ പറഞ്ഞു. ഈ കുടുംബത്തിന് കൗണ്‍സിലിംഗ് സൗകര്യം ഏർപ്പെടുത്തുന്നതിന് തയാറാണെന്നും അദ്ദേഹം അറിയിച്ചു.