എടപ്പാൾ: എടപ്പാൾ ജംഗ്ഷൻ കേന്ദ്രീകരിച്ച് ബ്ലേഡ് മാഫിയ നടത്തുന്ന ഗുണ്ടാവിളയാട്ടത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നു സിപിഎം എടപ്പാൾ ഏരിയ കമ്മിറ്റി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
നിരവധി കുടുംബങ്ങളാണ് ബ്ലേഡ് മാഫിയയുടെ കെണിയിൽപ്പെട്ട് വഴിയാധാരമായിട്ടുള്ളത്. ഒരുലക്ഷം രൂപക്കു പ്രതിമാസം പതിനായിരം രൂപയാണ് ഇക്കൂട്ടർ പലിശയായി വാങ്ങുന്നത്.
പണം കടം കൊടുക്കുന്പോൾ തന്നെ കടം വാങ്ങുന്നവരുടെ ഭൂമി ബ്ലേഡ് മാഫിയ രജിസ്റ്റർ ചെയ്ത് വാങ്ങുകയോ ബ്ലാങ്ക് ചെക്കുകൾ വാങ്ങുകയോ ചെയ്യും.
മൂന്നുമാസം പലിശ കൊടുക്കുന്നതിൽ വീഴ്ച വരുത്തിയാൽ രജിസ്റ്റർ ചെയ്ത് വാങ്ങിയ വസ്തു തിരിച്ച് രജിസ്റ്റർ ചെയ്തു കൊടുക്കാറില്ല. ബ്ലാങ്ക് ചെക്കുകളിൽ അവർക്കു തോന്നിയ തുക ചേർത്തു ചെക്ക് കേസും കൊടുക്കുന്നു.
എടപ്പാൾ ജംഗ്ഷൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബ്ലേഡ് മാഫിയ ലക്ഷക്കണക്കിനു രൂപയാണ് പലിശക്ക് കൊടുത്ത് പാവപ്പെട്ടവരുടെ വീടും സ്ഥലവും തുച്ഛവിലക്ക് ഇക്കൂട്ടർ കൈവശപ്പെടുത്തുന്നതെന്നു സിപിഎം ചൂണ്ടിക്കാട്ടി. പലിശക്കാരുടെ ചൂഷണത്തിൽ വിധേയമായവർ നിരവധിയാണ്.
പലരുടെയും മുഴുവൻ സന്പാദ്യവും നഷ്ടപ്പെട്ടു കഴിഞ്ഞു. കിടപ്പാടവും മറ്റു സ്വത്തുക്കളും നഷ്ടപ്പെട്ടവർ ഏറെയാണ്. നിരവധി ചെറുപ്പക്കാരും ഇത്തരക്കാരുടെ കെണിയിൽ അകപ്പെട്ടിട്ടുണ്ട്.
പാസ്പോർട്ട് ഈടുവാങ്ങിച്ച് ഭീമമായ പലിശ ഈടാക്കിയാണ് പണം കൊടുത്തിട്ടുള്ളത്. അമിത പലിശ ഈടാക്കുന്നതുമൂലം തിരിച്ചു കൊടുക്കാൻ കഴിയാതെ വിദേശത്തേക്ക് വിസ വന്നിട്ടുപോലും പോകാനാകാതെ നിരവധി യുവാക്കളാണ് ദുരിതമനുഭവിക്കുന്നത്.
ഇവർക്കെതിരെ ശബ്ദിച്ചാൽ ഗുണ്ടാമാഫിയകളെ വിട്ട് അക്രമിക്കുന്നു. ഇതിനു പുറമെ മണ്ണ്, മണൽ, ഭൂമാഫിയ സംഘങ്ങളും പ്രദേശത്ത് തടിച്ചുവളരുകയാണ്.
കുന്നിടിച്ച് രാത്രിയും പകലുമെന്ന വ്യത്യാസമില്ലാതെ വയലുകളും തണ്ണീർതടങ്ങളും നികത്തി കൊണ്ടിരിക്കുന്നു. ചില പോലീസ്, റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയും ഇക്കൂട്ടർക്കുണ്ടെന്നു സിപിഎം വ്യക്തമാക്കി. ഇത്തരം നീക്കങ്ങൾക്കെതിരെയും ബ്ലേഡ്, മണൽ, മണ്ണ് മാഫിയ സംഘങ്ങൾക്കെതിരെ ശക്തമായ നടപടിയുണ്ടാകണം.
ബ്ലേഡ് മാഫിയയുടെ കെണിയിൽപ്പെട്ടവരെ നിയമപരമായും മറ്റുനിലക്കും സഹായിക്കാൻ സിപിഎം തീരുമാനിച്ചു. ഇവർക്കെതിരായ നിയമനടപടികളിൽ പോലീസ് വിഭാഗത്തേക്കൊണ്ടു കാര്യക്ഷമമാക്കുന്നതിനും ബ്ലേഡ് ഗുണ്ടാ-മാഫിയകളെ ജനങ്ങളെ അണിനിരത്തി നേരിടാനും സിപിഎം എടപ്പാൾ ഏരിയ കമ്മിറ്റി തീരുമാനിച്ചു.
ഏരിയ സെക്രട്ടറി എം. മുസ്തഫ, ജില്ലാ കമ്മിറ്റിയംഗം പി. ജ്യോതിഭാസ്, പി.പി. മോഹൻദാസ്, വി.വി. കുഞ്ഞുമുഹമ്മദ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.