ചാലക്കുടി: ടൗണിലെ ഇടശേരി ഗോൾഡ് സൂപ്പർ മാർക്കറ്റ് ജ്വല്ലറിയിൽ വൻ കവർച്ച നടത്തിയ സംഘത്തെകുറിച്ചുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി. ടൗണിലുള്ള കടകളുടെ നിരീക്ഷണ കാമറകൾ പോലീസ് പരിശോധിച്ചുവരികയാണ്. കൂടാതെ ജ്വല്ലറിയുടെ പരിസരത്തുള്ള മൊബൈൽ ടവർ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. അന്തർ സംസ്ഥാന മോഷണ സംഘങ്ങളിലേക്കാണ് പോലീസ് അന്വേഷണം നീങ്ങുന്നത്.
പോലീസിന്റെ അഞ്ച് സ്ക്വാഡുകൾ ഡെൽഹി, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് അന്വേഷണത്തിനായി നീങ്ങിയിട്ടുണ്ട്. ഇതുവരെ നടത്തിയ അന്വേഷണത്തിൽ പോലീസിന് മോഷണസംഘത്തെകുറിച്ച് ഒരു തുന്പും കിട്ടിയിട്ടില്ല. വിമാനമാർഗമായിരിക്കാം മോഷണസംഘം എത്തിയതെന്നും സംശയിക്കുന്നു.
മോഷ്ടിച്ച സ്വർണവുമായി ട്രെയിനിലോ, മറ്റു വാഹനങ്ങളിലോ പോയിട്ടുണ്ടാകുമെന്നാണ് സംശയം. ചെക്ക് പോസ്റ്റുകളിലും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ജ്വല്ലറിക്കു പിൻവശത്തുള്ള കുറ്റിക്കാടുകൾ വെട്ടിതെളിച്ചപ്പോൾ ഒരു പഴയ ഗ്യാസ് സിലിണ്ടർ കണ്ടുകിട്ടിയിട്ടുണ്ട്. ഇത് മോഷണസംഘം ഉപയോഗിച്ചതാണോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
നിരീക്ഷണ കാമറകൾ: പ്രഖ്യാപനങ്ങൾ കടലാസിൽ ഒതുങ്ങി
ചാലക്കുടി: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കുമെന്ന നഗരസഭയുടെയും പോലീസിന്റെയും പ്രഖ്യാപനങ്ങൾ നടപ്പിലായില്ല. കഴിഞ്ഞ വർഷം നോർത്ത് ബസ് സ്റ്റാൻഡിൽ പോലീസ് കണ് ട്രോൾ റൂം ആരംഭിക്കുന്നതിനോടനുബന്ധിച്ചാണ് ടൗണിന്റെ എല്ലാ ഭാഗങ്ങളിലും നിരീക്ഷണ കാമറകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്.
എന്നാൽ ഇതുവരെയും പ്രാവർത്തികമാക്കാൻ സാധിച്ചിട്ടില്ല. മോഷണമോ, പിടിച്ചുപറിയോ നടന്നാൽ അടുത്തുള്ള വ്യാപാരസ്ഥാപനങ്ങളിലോ, വീടുകളിലോ സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ കാമറകളെയാണ് ആശ്രയിക്കുന്നത്. നോർത്ത് ബസ് സ്റ്റാൻഡിൽ പോലീസ് കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ടെങ്കിലും നഗരത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം ആകുന്നില്ല.
ബാങ്ക് മോഷണശ്രമവുമായി ബന്ധമുണ്ടോ എന്നും സംശയം
ചാലക്കുടി: സൗത്ത് ജംഗ്ഷനിൽ സ്വകാര്യ ബാങ്ക് കൊള്ളയടിക്കാൻ ശ്രമിച്ച കവർച്ചാസംഘമാണോ ജ്വല്ലറി കൊള്ളയടിച്ചതെന്ന് സംശയമുയരുന്നു. കഴിഞ്ഞ പത്തുമാസം മുന്പാണ് സൗത്ത് ജംഗ്ഷനിലുള്ള ബാങ്ക് കൊള്ളയടിക്കാൻ ശ്രമിച്ചത്.
ജ്വല്ലറിയിൽ നടന്ന മോഷണത്തിനു സമാനമാണ് ഇവിടെയും കവർച്ചാശ്രമം നടന്നത്. ബാങ്കിന്റെ പിൻവശത്തെ ചുമർതുരന്ന് അകത്തുകടന്ന മോഷ്ടാക്കൾ ഗ്യാസ് കട്ടർ ഉപയോഗിച്ച് പണം സൂക്ഷിച്ചിരുന്ന സേഫ് തകർക്കാൻ ശ്രമിച്ചെങ്കിലും ലോക്കർ കട്ട് ചെയ്യാൻ കഴിഞ്ഞില്ല.
ഗ്യാസ് കട്ടർ ഉപയോഗിച്ചാലും ഉരുകാത്ത പ്രത്യേക ലോഹമായിരുന്നതിനാലാണ് ശ്രമം പരാജയപ്പെട്ടത്. ബാങ്കിന്റെ പിൻവശത്തെ വിജനമായ പറന്പിൽ ഗ്യാസ് സിലിണ്ടറും മറ്റും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. പോലീസ് വ്യാപകമായ അന്വേഷണം നടത്തിയെങ്കിലും ഇതുവരെ മോഷ്ടാക്കളെ പിടികൂടാൻ കഴിഞ്ഞില്ല.