കൊച്ചി: എറണാകുളം കതൃക്കടവ് ഇടശേരി ബാറിലെ മാനേജരടക്കം മൂന്നുപേരെ വെടിവച്ചു കൊല്ലാന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതിക്ക് തോക്ക് നല്കി തിരുവനന്തപുരം സ്വദേശിയെ കസ്റ്റഡിയില്‍ വാങ്ങുന്നതിനുള്ള നടപടികള്‍ എറണാകുളം നോര്‍ത്ത് പോലീസ് തുടങ്ങി. ഇയാളുടെ അറസ്റ്റ് വരും ദിവസങ്ങളില്‍ രേഖപ്പെടുത്തിയ ശേഷം കൂടുതല്‍ ചോദ്യം ചെയ്യലിനായി ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും.
നിലവില്‍ ഇയാള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. ഒരാളെ വെട്ടി പരിക്കേല്‍പ്പിച്ചതിന് തൃശൂര്‍ എരുമപ്പെട്ടി പോലീസ് സ്റ്റേഷനില്‍ ഇയാളുടെ പേരില്‍ വധശ്രമത്തിന് കേസുണ്ട്. ഈ കേസിലാണ് ഇയാള്‍ ഇപ്പോള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുന്നത്.
അതേസമയം, തിരുവനന്തപുരം സ്വദേശിക്ക് തോക്കുനല്‍കിയ ആള് മരിച്ചുവെന്നാണ് ഇയാള്‍ പോലീസിനെ അറിയിച്ചിരിക്കുന്നത്. ഇക്കാര്യത്തെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.
കേസിലെ മുഖ്യപ്രതി അറസ്റ്റിലായ അങ്കമാലി പാറക്കടവ് പുളിയിനം കൊടുശേരി ചീരോത്തില് വിനീതി(കോമ്പാറ വിനീത് – 37)ന്റെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ വെടിവയ്ക്കാന്‍ ഉപയോഗിച്ച തോക്കും മറ്റൊരു തോക്കും കണ്ടെടുത്തിരുന്നു. രണ്ടു തോക്കുകളിലും തിരകള്‍ നിറച്ച നിലയിലായിരുന്നു.
തുടര്‍ന്ന് ഇയാള്‍ക്ക് നാടന്‍ തോക്ക് നിര്‍മിച്ചു കൊടുക്കുന്ന സംഘത്തിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു. കേസിലെ 15 പ്രതികളുടെയും തിരിച്ചറിയല്‍ പരേഡ് പൂര്‍ത്തിയായി.
ഫെബ്രുവരി 11ന് രാത്രിയാണ് കതൃക്കടവ് ഇടശേരി ബാറിലെത്തിയ വിനീതും നാലു കൂട്ടുകാരും ചേര്‍ന്ന് ബാര്‍ ജീവനക്കാരെ മര്‍ദിക്കുകയും തോക്ക് ഉപയോഗിച്ച് വെടിവയ്ക്കുകയും ചെയ്തത്.