ആലുവ: എടത്തലയിൽ പോലീസും ബൈക്ക് യാത്രികനും തമ്മിലുണ്ടായ തർക്കത്തെ തുടർന്നുള്ള സംഘർഷത്തിൽ കണ്ടാലറിയുന്നവരുടെ പേരിലെടുത്ത കേസുകളിലെ അറസ്റ്റ് വൈകുന്നു. അതേസമയം പോലീസ് മർദനമേറ്റ് ചികിത്സക്കിടയിൽ റിമാൻഡിലായ എടത്തല കുഞ്ചാട്ടുകര സ്വദേശി ഉസ്മാന്റെ ജാമ്യാപേക്ഷ ഇന്നലെ ആലുവ കോടതി തള്ളി.
മൂന്നുകേസുകളിലായി ഉസ്മാനെ കൂടാതെ 200 ഓളം പേർക്കെതിരേയാണ് ആലുവ, എടത്തല പോലീസ് സ്റ്റേഷനുകളിൽ കേസെടുത്തിരിക്കുന്നത്. വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് സംഘർഷത്തിൽ മുഖ്യപങ്കു വഹിച്ച ഇരുപതോളം പേരെ ഇതിനകം പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരിൽ കളമശേരി ബസ് കത്തിക്കൽ കേസിൽ എൻഐഎ അറസ്റ്റ് ചെയ്ത് ജാമ്യത്തിലിറങ്ങിയ എടത്തല സ്വദേശി ഇസ്മയിലും ഉൾപ്പെടും.
സംഭവവുമായി ബന്ധപ്പെട്ട് ഉസ്മാനെ ചികിത്സയ്ക്ക് എത്തിച്ച ആലുവ ജില്ലാ ആശുപത്രിയിലുണ്ടായ സംഘർഷത്തിൽ ആലുവ ഈസ്റ്റ് സ്റ്റേഷനിലെ വനിതാ എസ്ഐ ജെർദീന ഫ്രാൻസീസിന് ഗുരുതരമായ പരിക്കേറ്റിരുന്നു. നട്ടെല്ലിന് ക്ഷതമേറ്റ ഇവർ ഇപ്പോഴും വിദഗ്ധ ചികിത്സയിലാണ്. ഈ സംഭവത്തിൽ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയത് കൂടാതെ കടുത്ത ദേഹോപദ്രവം ഏൽപ്പിച്ചതിനും സ്ത്രീത്വത്തെ അപരമാനിച്ചതിനും ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
പോലീസ് മർദിച്ചെന്നാരോപിച്ച് ജില്ലാ ആശുപത്രിയിൽ എത്തിച്ച ഉസ്മാനെ വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടായിരുന്നു സ്ഥലത്ത് സംഘർഷം ഉണ്ടായത്. ഇതിനിടയിലാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത എസ്ഐയ്ക്ക് പരിക്കേറ്റത്. പോലീസിന്റെയും ചാനലുകളുടെയും വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രശ്നക്കാരെ തിരിച്ചറിഞ്ഞിട്ടുള്ളത്.
കുഞ്ചാട്ടുകരയിൽ വച്ച് പോലീസിനെ അതിക്രമിച്ചു എന്ന കുറ്റത്തിന് മർദനമേറ്റ ഉസ്മാനെതിരെ എടത്തല പോലീസ് എടുത്ത കേസിൽ ചുണങ്ങംവേലി രാജഗിരി ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ആലുവ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 22 വരെ റിമാൻഡ് ചെയ്തിരുന്നു. ഇന്നലെ ഉസ്മാന്റെ കുടുംബം ജാമ്യത്തിനായി കോടതിയെ സമീപിച്ചെങ്കിലും പ്രൊസിക്യൂഷൻ ശക്തമായി എതിർത്തതിനെ തുടർന്ന് തള്ളുകയായിരുന്നു. തുടർന്ന് ജില്ലാ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കുടുംബം.
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷൻ മാർച്ച് നടത്തിയതിനാണ് എടത്തല പോലീസ് മറ്റൊരു കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജാമ്യം ലഭിക്കാവുന്ന കുറ്റം ചുമത്തി ഈ കേസിലും കണ്ടാലറിയാവുന്ന മുപ്പതോളം പേർ ഉൾപ്പെടും. കേസുകളിൽ ഉൾപ്പെട്ടവരെ വിശദമായി നിരീക്ഷിച്ച ശേഷം അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് പോലീസ് നൽകുന്ന സൂചന.