കൊച്ചി: എടത്തലയിൽ ഉസ്മാനെ മർദിച്ച പോലീസ് സംഘം സഞ്ചരിച്ച കാറിൽ സസ്പെൻഷനിലായ എഎസ്ഐ ഇന്ദുചൂഡനും ഉണ്ടായിരുന്നതായ വിവരങ്ങളെത്തുടർന്ന് ഇതു സംബന്ധിച്ചും അന്വേഷണം ആരംഭിച്ചതായി എറണാകുളം റൂറൽ എസ്പി രാഹുൽ ആർ. നായർ.
മൂന്നാഴ്ചമുന്പ് മോഷണ കേസിൽ പിടിയിലായ പ്രതികളിൽ ഒരാൾ എടത്തല പോലീസ് സ്റ്റേഷനിൽനിന്നു രക്ഷപ്പെട്ട സംഭവം ഉണ്ടായിരുന്നു. എഎസ്ഐയായ ഇന്ദുചൂഡനായിരുന്നു അന്നേ ദിവസം സ്റ്റേഷന്റെ ജിഡി ചാർജ്. ഈ സംഭവത്തിലാണ് ഇന്ദുചൂഡൻ ഉൾപ്പെടെ രണ്ടു പോലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നത്. ചാടിപോയ പ്രതിയെ ഇന്ദുചൂഡൻ ഉൾപ്പെടെ അന്വേഷിക്കുന്നതിനിടെയാണ് എടത്തല സംഭവം നടന്നതെന്നും എസ്പി പറഞ്ഞു.
അതേസമയം ചാടിപോയ പ്രതിയെ പിടികൂടി സ്റ്റേഷനിലെത്തിച്ചിട്ടുമുണ്ട്. എടത്തല സംഭവ ദിവസമാണ് പ്രതിയെ സ്റ്റേഷനിലെത്തിച്ചത്. ഇന്ദുചൂഡന്റെ അറിവോടെയാണോ പ്രതിയെ പിടികൂടിയതെന്നും മറ്റ് പോലീസുകാരുടെ സഹായം ലഭിച്ചിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളിലാണ് അന്വേഷണം നടക്കുകയെന്നും എറണാകുളം റൂറൽ എസ്പി വ്യക്തമാക്കി.
എടത്തലയിൽ മഫ്തിയിലായിരുന്ന പോലീസ് സംഘം ഉസ്മാൻ (39) എന്ന യുവാവിനെ മർദിച്ച സംഭവത്തിൽ വകുപ്പുതല അന്വേഷണം നാർക്കോട്ടിക് സെൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലും കേസന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുമാകും നടക്കുക.
എടത്തല പോലീസ് മർദനത്തിൽ ഇന്ദുചൂഡനു പുറമെ എടത്തല പോലീസ് സ്റ്റേഷനിലെ എഎസ്ഐ പുഷ്പരാജ്, സീനിയർ സിപിഒ ജലീൽ, സിപിഒ അഫ്സൽ എന്നിവർക്കെതിരേ അന്യായമായ തടങ്കലിനും കൈയേറ്റം ചെയ്തതിനും സെക്ഷൻ 342, 323 വകുപ്പുപ്രകാരമാണു കേസെടുത്തിട്ടുള്ളത്.
എടത്തല കുഞ്ചാട്ടുകര മരത്തുംകുടി ഉസ്മാൻ (39) ആണു ചൊവ്വാഴ്ച വൈകുന്നേരം പോലീസിന്റെ ക്രൂരമർദനത്തിനിരയായത്. ഉസ്മാനെ റോഡിൽ വച്ചു മർദിച്ച സംഘത്തിൽ ഉൾപ്പെട്ടവരാണു നാലു പോലീസുകാരും. ഇതിൽ പുഷ്പരാജ്, ജലീൽ, അഫ്സൽ എന്നിവരെ എആർ ക്യാന്പിലേക്കു സ്ഥലംമാറ്റിയിട്ടുമുണ്ട്.
നാലു പേർക്കെതിരേയും വകുപ്പുതല അന്വേഷണവും ആരംഭിച്ചു. സംഭവത്തിന്റെ റിപ്പോർട്ട് ഐജി വിജയ് സാക്കറെയ്ക്ക് എസ്പി ഇന്നലെ സമർപ്പിച്ചു. പോലീസുകാർക്കു വീഴ്ച പറ്റിയെന്നാണു പ്രാഥമിക റിപ്പോർട്ട്. ഒൗദ്യോഗിക നിർവഹണം തടസപ്പെടുത്തിയതിന് ഉസ്മാനെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.
ചുണങ്ങംവേലി രാജഗിരി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഉസ്മാന്റെ താടിയെല്ലിന് ഇന്നലെ ശസ്ത്രക്രിയ നടത്തി. മർദനത്തിൽ താടിയെല്ലിനു പൊട്ടലേറ്റിരുന്നു. പോക്സോ കേസ് പ്രതിയുമായി സ്റ്റേഷനിലേക്കു പോകുകയായിരുന്ന പോലീസുകാർ സഞ്ചരിച്ചിരുന്ന കാർ കുഞ്ചാട്ടുകരയിൽ വച്ചു നിർത്തിയിട്ട ഒരു ബൈക്കിൽ തട്ടുകയായിരുന്നു.
നിർത്താതെ പോകാൻ തുനിഞ്ഞ കാർ ഉസ്മാൻ തടഞ്ഞു ചോദ്യംചെയ്തു. ബൈക്കിൽ താൻ ഉണ്ടായിരുന്നെങ്കിൽ എന്ത് സംഭവിക്കുമെന്നു ചോദിച്ചാണ് തടഞ്ഞത്. ഇതേതുടർന്നുണ്ടായ തർക്കമാണ് മർദനത്തിനിടയാക്കിയത്.