വണ്ടിത്താവളം: പന്തൽമൂച്ചി പാറമേട്ടിൽ മൂലത്തറ ഇടതുകനാൽ തകർന്നു ഗർത്തം രൂപംകൊണ്ട സ്ഥലത്ത് മണൽചാക്ക് നിരത്തി താത്കാലിക ബണ്ട് നിർമാണം തുടങ്ങി. രണ്ടാംവിളയ്ക്ക് എത്രയുംവേഗം വെള്ളം ലഭിച്ചില്ലെങ്കിൽ ഇന്നുമുതൽ ചിറ്റൂർ ഇറിഗേഷൻ ഓഫീസിനുമുന്നിൽ പ്രതിഷേധസമരം ആരംഭിക്കുമെന്നു കർഷകസംഘടനകൾ മുന്നറിയിപ്പു നല്കിയിരുനa്നു.
ഈ സാഹചര്യത്തിലാണ് താത്കാലിക ബണ്ടിന്റെ നിർമാണം തുടങ്ങിയത്. രണ്ടാഴ്ചയ്ക്കുള്ളിൽ നിർമാണം പൂർത്തിയാക്കി കുറഞ്ഞതോതിൽ വെള്ളം വിടാനാണ് ശ്രമം. ഇതിനായി രാത്രിസമയത്തും നിർമാണപ്രവൃത്തികൾ നടത്തുമെന്ന് കരാറുകാരൻ പറഞ്ഞു.
കനാലിനു തെക്കുഭാഗത്ത് പതിമൂന്നു മീറ്റർ നീളത്തിലും മൂന്നുമീറ്റർ താഴ്ചയിലുമാണ് കനാൽബണ്ട് തകർന്നിരിക്കുന്നത്. മണൽചാക്കു നിരത്തിയുള്ള ബണ്ടുനിർമാണത്തിനു കർഷകർക്ക് യോജിപ്പില്ലെങ്കിലും ഏതുവിധേനയും വെള്ളം വിടണമെന്ന നിലപാടാണ് കർഷകർക്കുള്ളത്.
വെള്ളമില്ലാത്തതിനാൽ നിലമൊരുക്കാനോ ഞാറുപാകിയ നെൽച്ചെടികൾ പറിച്ചുനടാനോ കഴിയാതെ കർഷകർ ബുദ്ധിമുട്ടുകയാണ്. ദീർഘവീക്ഷണമില്ലാതെ മൂലത്തറ റഗുലേറ്റർ നിർമാണം നടത്തിയതാണ് രണ്ടാംവിള അവതാളത്തിലാക്കിയതെന്നാണ് കർഷകരുടെ പരാതി.