ആലപ്പുഴ: ശക്തമായ കാറ്റിലും മഴയിലും ജില്ലയിലെ വിവിധയിടങ്ങളിൽ മരങ്ങൾ കടപുഴകിയും ഒടിഞ്ഞുവീണ് ഗതാഗതവും വൈദ്യുതിയും തടസപ്പെട്ടു. നഗരത്തിൽ വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ട നിലയിലാണ്. ശക്തമായ കാറ്റിൽ നഗരത്തിലെ നിരവധി വീടുകളുടെ ഓടുകൾ പറന്നു പോയി. പല വീടുകളുടെ മേൽക്കൂരകൾക്ക് ഭാഗികമായ നാശവുമുണ്ടായി. വൈകുന്നേരം ജനറൽ ആശുപത്രിയിലെ സ്റ്റോറിനു മുകളിൽ മരം വീണു.
ആസ്ബറ്റോസ് ഷീറ്റ് ആയതിനാൽ മരം മുറിക്കുന്പോൾ ഷീറ്റ് പൊട്ടി മരുന്ന് നശിക്കാൻ സാധ്യതയുള്ളതിനാൽ ഫയർഫോഴ്സ് മരം മുറിക്കാതെ മടങ്ങി. ഇന്ന് പുലർച്ചെ ഏസി റോഡിൽ പൂപ്പള്ളി ജംഗ്ഷനിൽ വൻ മരം ഒടിഞ്ഞുവീണ് ഒരുമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ആലപ്പുഴയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം മണിക്കൂറുകളോളം പരിശ്രമിച്ച് ഗതാഗതം പുനസ്ഥാപിച്ചു. മങ്കൊന്പിലും ആലപ്പുഴ-ചങ്ങനാശേരി റോഡിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു.വൈകിയെത്തിയ കാലവർഷം കുട്ടനാട്ടിലും ചെങ്ങന്നൂരിലുമടക്കം ഭീതിയും പരത്തുന്നുണ്ട്.
ഇന്നലെയുണ്ടായ കാറ്റിലും മഴയിലും തലവടി, എടത്വ, കാവാലം പഞ്ചായത്ത് പ്രദേശങ്ങളിൽ വ്യാപകനാശമാണുണ്ടായത്. ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 11വരെ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് ദുരന്ത നിവാരണ അഥോറിട്ടി മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
തുറവൂർ: ശക്തമായ കാറ്റിലും മഴയിലും താലൂക്കിന്റെ വടക്ക് പടിഞ്ഞാറൻ മേഖലകളിൽ വ്യാപക നാശം. കോടംതുരുത്തു പഞ്ചായത്തിലെ അഞ്ച് വീടുകൾ കാറ്റിൽ മരം വീണ് തകർന്നു. മൂന്നാം വാർഡിൽ വട്ടക്കാൽമുക്ക് പടിഞ്ഞാറ് കൊച്ചുവേളി സിദ്ധന്റെ വീട്, പത്താം വാർഡിൽ കടവിത്തറ വീട്ടിൽ തിലോത്തമയുടെ വീട് ,പന്ത്രണ്ടാം വാർഡിൽ മരോട്ടിക്കൽ സുബ്രഹ്മണ്യൻ ,കോഴിപ്പാട് സുമതി ,ചക്കനാട്ട്തറ മണിയൻ എന്നിവരുടെ വീടുകളാണ് മരം വീണ് തകർന്നിരിക്കുന്നത്. കുത്തിയതോട്, കോടംതുരുത്ത്, തുറവൂർ പഞ്ചായത്തുകളിൽ തെങ്ങുകളും മരങ്ങളും വാഴകളും ഒടിഞ്ഞും കട പുഴകിയും വീണു.
വിവിധയിടങ്ങളിൽ മരങ്ങൾ വൈദ്യുതി ലൈനിൽ വീണു പൊട്ടുകയും പോസ്റ്റ് ഒടിയുകയും ചെയ്തതിനെ തുടർന്ന് വൈദ്യുതി വിതരണം മണിക്കൂറുകളോളം തടസപ്പെട്ടു. കുത്തിയതോട് 33 കെവി സബ് സ്റ്റേഷനിലെ ഒരു ട്രാൻസ് ഫോർമർ ഇടിമിന്നലിൽ തകർന്നു. ചമ്മനാട് മോഹം ആശുപത്രിക്ക് കിഴക്ക്, ചമ്മനാട് ഗ്രീൻലാന്റിനു കിഴക്ക്, കോടംതുരുത്ത് പഞ്ചായത്ത് ഓഫീസിന് കിഴക്ക്, കുറുക്കൻ പളളിക്ക് പടിഞ്ഞാറ് ആലംതറ എന്നിവിടങ്ങളിൽ മരം വീണ് വൈദ്യുതി ലൈൻ പൊട്ടി.
മ്മനാട് പടിഞ്ഞാറ് മരം വീണ് പോസ്റ്റ് ഒടിഞ്ഞു. കൊല്ലംകവലയിൽ മരം വീണ് പോസ്റ്റ് ചരിഞ്ഞു. കുത്തിയതോട് 33 കെവി സബ് സ്റ്റേഷനു സമീപം കൊട്ടാരത്തിൽ ഭാഗത്ത് 11 കെവി ലൈനിന്റെ പോസ്റ്റ് ചരിഞ്ഞു. തൊട്ടരികിലെ മറ്റൊരു വൈദ്യുത കന്പിയിൽ തേക്ക് മരം ഉൾപ്പടെ നാലു മരങ്ങൾ കടപുഴകി വീണതാണ് കാരണം.
ട്രെയിൻ ഗതാഗതം തടസപ്പെട്ടു
ആലപ്പുഴ: റെയിൽവെ ഇലക്ട്രിക് ലൈനിലേക്ക് വൻ മരം ഒടിഞ്ഞുവീണ് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ആലപ്പുഴ മാളികമുക്കിൽ പുലർച്ചെ 3.30 ഓടെയാണ് സമീപത്തുനിന്ന തേക്കുമരം ഒടിഞ്ഞു ട്രാക്കിലേക്ക് വീണത്. ഇതുമൂലം റെയിൽവേയുടെ ഇലക്ട്രിക് ലൈനിൽ നൂറുമീറ്ററോളം തകർന്നു. ആലപ്പുഴ തീരദേശ റെയിൽവേ പാതയിൽ ഇതുമൂലം ട്രെയിൻ ഗതാഗതം തടസപ്പെട്ടു കിടക്കുകയാണ്. റെയിൽവേ ലൈൻ പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. ഒരു ഡീസൽ ട്രെയിൻ മാത്രമാണ് കടന്നുപോയത്. ഇലക്ട്രിക് ട്രെയിനുകളൊന്നും രാവിലെ 10 വരെ ഗതാഗതം നടത്താനിയില്ല.
ചെങ്ങന്നൂർ പ്രളയഭീതിയിൽ
ചെങ്ങന്നൂർ: പന്പ, മണിമല ആറുകൾ കരകവിഞ്ഞ് ഒഴുകിയതോടെ ചെങ്ങന്നൂർ പ്രളയ ഭീതിയിൽ. മൂഴിയാർ, കക്കി ഡാമുകൾ തുറന്നാൽ സ്ഥിതി ആശങ്കാ ജനകമാകുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ കീച്ചേരിമേൽ ജെ.ബി.സ്കൂൾ, കല്ലിശേരി സ്കൂൾ, അങ്ങാടിക്കൽ എസ്സിആർവി സ്കൂൾ എന്നിവിടങ്ങളിൽ ക്യാന്പുകൾ തുറന്നിട്ടുണ്ട്. മിത്രപ്പുഴ പാലത്തിന് സമീപത്തെ കുടുംബങ്ങളെയാണ് ജെ.ബി.സ്കൂളിലെ ക്യാന്പിലേക്ക് മാറ്റിയിരിക്കുന്നത്.
നിലവിലെ സാഹചര്യത്തിൽ സാധാരണഗതിയിൽ നിന്ന് ആറ് മുതൽ ഒൻപത്് അടിവരെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. രാവിലെ ഏഴോടെ അരയടി വെള്ളം താഴ്ന്നെങ്കിലും വീണ്ടും ജലനിരപ്പ് ഉയരുന്നതായാണ് പ്രദേശവാസികൾ പറയുന്നത്. കക്കി, മൂഴിയാർ ഡാമുകൾ തുറന്നു വിടുന്നത് സംബന്ധിച്ച് ഉന്നതതല യോഗം നടക്കേണ്ടതായുണ്ടെന്ന് അധികൃതർ പറയുന്നു.