എടത്വ: കൊറോണ ലോകത്തു നാശം വിതക്കുന്പോൾ ഒരു നേരത്തെ ആഹാരത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഭക്ഷണം നൽകാനായി സ്വന്തം ഹോട്ടൽ തുറന്നിട്ട് യുവാക്കൾ.
തകഴി വലിയപാലത്തിന് സമീപമുള്ള ഈറ്റില്ലം റെസ്റ്റോറന്റിന്റെ ഉടമകളായ എടത്വ സ്വദേശി ജസ്റ്റസ് സാമുവേൽ, തലവടി സ്വദേശി ജോമോൻ ചക്കാലയിൽ എന്നിവരാണ് കോവിഡ്-19 ന്റെ കാലത്ത് ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടുന്നവർക്ക് സൗജന്യമായി ഭക്ഷണം വീടുകളിൽ എത്തിച്ച് നൽകുന്നത്.
ഇവരോടൊപ്പം സുഹൃത്തുകളായ ശ്രീജിത്ത്, ശ്യാംരാജ്, ബിബിൻ മാത്യു, ബിജു ജോർജ്, റ്റിബിൻ തന്പി, ജിജോ ജോസ്, അനീഷ് കുമാർ സി.കെ., റോബിൻ റ്റി. ഏബ്രഹാം, റോമിയോ മാത്യു, അഭിജിത്ത് മോഹൻ, ശ്രീജിൻ, ഗോപൻ ഗോപാലൻ, ബിജു തൈപറന്പിൽ എന്നിവരും സഹായത്തിനായി എത്തിയതോടെ 70 മുതൽ 100 വരെ ഭക്ഷണപൊതികളാണ് ഒരു ദിവസം ഇവർ സൗജന്യമായി നൽകുന്നത്.
ആരും ഇല്ലാതെ കടത്തിണ്ണയിൽ കിടക്കുന്നവർ, പാവപ്പെട്ടവർ, രോഗികൾ, അന്യസംസ്ഥാന തൊഴിലാളികൾ, കൂടാതെ ഉൗണും ഉറക്കവും ഉപേക്ഷിച്ച് സേവനം ചെയ്ത് കൊണ്ടിരിക്കുന്ന ഹെൽത്ത് ജീവനക്കാർ, പോലീസ് ഉദ്യോഗസ്ഥർ തുടങ്ങി നിരവധി പേർക്കാണ് ഭക്ഷണം എത്തിച്ച് നൽകുന്നത്.
ചോറിനൊപ്പം പയർതോരൻ, കിച്ചടി, മത്തയ്ങ്ങാ കറി, കോവയ്ക്കാ കറി, തക്കാളി കറി, മാങ്ങാകറി, അച്ചാർ, രസം, പുളിശേരി എന്നിവ കൂടാതെ സ്പെഷലായി ചിക്കൻ കറി, മീൻ കറി, കക്കാഫ്രൈ, മുട്ടക്കറി എന്നിവയിൽ എതെങ്കിലും ഒരു ഐറ്റവും പൊതിക്കുള്ളിൽ കാണും.
ഭക്ഷണ വിതരണം ആരംഭിച്ചിട്ട് ഒന്പത് ദിനങ്ങൾ പിന്നിട്ടു.
എത്ര നാൾ ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടോ അത്രയും നാൾ ഭക്ഷണം കൊടുക്കാനുള്ള ശ്രമത്തിലുമാണ് ഇവർ. ഭക്ഷണം മാത്രമല്ല പാവപ്പെട്ടവർക്ക് സൗജന്യമായി മരുന്ന് എത്തിക്കുന്ന സേവനവും ഇവർ ചെയ്യുന്നുണ്ട്. ഒരു ദിവസം അയ്യായിരം മുതൽ ഏഴായിരം രൂപ വരെ ചെലവ് വരുന്നുണ്ട്.
കേട്ടറിഞ്ഞ് സഹായിക്കുന്ന സുമനസുകളുടെ സഹായം കൊണ്ടാണ് ഇത്രയും നന്നായി ഭക്ഷണം നൽകാൻ സാധിക്കുന്നതെന്ന് ജസ്റ്റസ് പറഞ്ഞു.
ഭക്ഷണം ആവശ്യമുള്ളവർക്കും ഇവരുടെ പ്രവർത്തനത്തിൽ സഹകരിക്കാൻ താല്പര്യം ഉള്ളവർക്കും ഇവരെ വിളിക്കാം ഫോണ്: 9847338944