എടത്വ: റഫ്രിജ്രറേറ്ററും ഫ്രീസറുമൊന്നും ഇല്ലാതിരുന്ന കാലത്ത് വീടുകളിലും മറ്റും തണുത്ത വെള്ളം കുടിക്കാൻ മണ്‍കലങ്ങളിലും മണ്‍കൂജകളിലും വെള്ളം നിറച്ചുവെക്കുകയും കുടിക്കുകയും ചെയ്തിരുന്ന കാലത്തെ ഓർമിപ്പിച്ചുകൊണ്ടു എടത്വ പള്ളിയിൽ വ്യത്യസ്ഥമായ കുടിവെള്ള വിതരണമാണ് ഇത്തവണ തിരുനാളിനു പള്ളി അധികൃതർ ഒരുക്കിയിരിക്കുന്നത്. ഗ്രീൻ പ്രോട്ടോക്കോളിന്റെ ഭാഗമായാണ് എടത്വ പള്ളിയിൽ പ്രത്യേകം തയാറാക്കിയ മണ്കലങ്ങളിൽ തീർഥാടകർക്കുള്ള കുടിവെള്ളവിതരണം നടത്തുന്നത്. മണ്കലങ്ങൾ തമിഴ്നാട്ടിൽ നിന്നാണ് എത്തിച്ചത്.
ടാപ്പ് ഘടിപ്പിച്ചിരിക്കുന്ന കലങ്ങളിലെ വെള്ളത്തിനു തണുപ്പ് കിട്ടുന്നതിനും ശുദ്ധീകരിക്കുന്നതിനുമായി ആയുർവേദ പച്ചമരുന്നുകളും ചേർക്കുന്നുണ്ട്. പള്ളിയിലേയ്ക്കുള്ള ജപമാലവീഥിയിലും മറ്റു സ്ഥലങ്ങളിലും തീർഥാടകരുടെ സൗകര്യാർഥം മണ്കലങ്ങൾ സ്ഥാപിക്കും. ഗ്രീൻ പ്രോട്ടോക്കോളിന്റെ ഭാഗമായാണ് മണ്കലങ്ങൾ ഇറക്കാൻ പള്ളികമ്മിറ്റി തീരുമാനിച്ചത്.
തിരുനാൾ കാലത്ത് പ്ലാസ്റ്റിക് ഉപയോഗം പൂർണമായി ഒഴിവാക്കാൻ പള്ളിക്കമ്മിറ്റി തീരുമാനിച്ചിരുന്നു. പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ബഹിഷ്കരിച്ചുള്ള സംസ്ഥാനത്തെ ആദ്യത്തെ തിരുനാളായിരിക്കും എടത്വ പള്ളിയിൽ നടപ്പാക്കുന്നതെന്നു ഭാരവാഹികൾ പറഞ്ഞു. പാലാ രൂപതാ സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ മണ്കത്തിലെ ശുദ്ധജലം ജനറൽ കണ്‍വീനർ ബിൽബി മാത്യുവിന് നൽകി ഉദ്ഘാടനം ചെയ്തു.
പള്ളി വികാരി ഫാ. ജോണ്‍ മണക്കുന്നേൽ അധ്യക്ഷത വഹിച്ചു. ഫാ. വർഗീസ് പുത്തൻപുരയ്ക്കൽ, ഫാ. ജോർജ് ചക്കുങ്കൽ, ഫാ. വിൽസൻ പുന്നക്കാലായിൽ, കൈക്കാര·ാരായ വർഗീസ് എം.ജെ. മണക്കളം, വിൻസെന്റ് പഴയാറ്റിൽ, ജോയിന്റ് കണ്‍വീനർ ജയൻ ജോസഫ് പുന്നപ്ര, ജോണ്സണ് വി. ഇടിക്കുള എന്നിവർ പ്രസംഗിച്ചു.