എടത്വ: എടത്വ പോലീസിന്റെ സഹായത്താൽ നാടോടി സംഘത്തിലെ നാല് വയസുകാരിക്ക് മാതാപിതാക്കളെ തിരികെ ലഭിച്ചു. ഇന്നലെ വൈകുന്നേരം നാലിന് ചങ്ങനാശേരി ഡിപ്പോയിൽ നിന്ന് കിടങ്ങറ വഴി എടത്വായിലേക്ക് സർവീസ് നടത്തിയ ബസിലായിരുന്നു മൈസൂർ സ്വദേശികളായ ഗണേശ്, ശോഭ ദന്പതികളുടെ മകൾ നാല് വയസുകാരി അനിതയെ നഷ്ടമായത്.
അനിത ബസിൽ കയറിയപ്പോൾ മുന്നിലെ സീറ്റിലിരുന്ന് ഉറങ്ങിപോവുകയും കിടങ്ങറയിൽ തന്പടിച്ചിരുന്ന മാതാപിതാക്കൾ കിടങ്ങറയിലെ സ്റ്റോപ്പിൽ എത്തിയപ്പോൾ ഇറങ്ങുകയുമായിരുന്നു. നാടോടി സംഘത്തിലെ മറ്റുള്ളവരോടൊപ്പം കുട്ടി കാണുമെന്ന് ഗണേശും ശോഭയും കരുതി. പിന്നീടാണ് കുട്ടിയെ കാണാനില്ലെന്ന് ഇവർ അറിയുന്നത്.
ഈ സമയം കുട്ടി ബസിൽ ഇരുന്ന് ഉറങ്ങി എടത്വായിലെത്തി. എടത്വായിൽ എത്തി ഉറക്കം ഉണർന്ന കുട്ടി ബഹളംവച്ചതോടെ ബസിലുണ്ടായിരുന്ന മറ്റു യാത്രക്കാരും കഐസ്ആർടിസി ജീവനക്കാരും എടത്വ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
പോലീസ് കുട്ടിയുടെ മാതാപിതാക്കളെ തിരക്കി ഇറങ്ങിയതിനെത്തുടർന്ന് കിടങ്ങറയിൽ ഇവരുടെ സംഘമുണ്ടെന്ന് സൂചന ലഭിച്ചതിനെ തുടർന്ന് ഇവിടെ എത്തുകയായിരുന്നു. കുട്ടിയെ തെരഞ്ഞ് ഇറങ്ങിയ നാടോടി സംഘത്തിനെ കുട്ടിയെ എടത്വായിൽ കണ്ടെത്തിയ വിവരം പോലീസ് അറിയിച്ചു.
കിടങ്ങറയിൽ നിന്ന് പോലീസിനൊപ്പം എടത്വയിൽ എത്തിയ മാതാപിതാക്കൾക്ക് ഇന്നലെ വൈകുന്നേരം ആറോടെ കുട്ടിയെ കൈമാറി. മൈസൂറിൽ നിന്ന് കേരളത്തിൽ മത്സ്യബന്ധനത്തിനായി എത്തിയതായിരുന്നു ഇവർ. എടത്വ എസ്ഐ സി.ബി. ബാബു, ഹെഡ് കോണ്സ്റ്റബിൾമാരായ ഷൈലകുമാർ, ഗോപകുമാർ, സിപിഒ സനീഷ്, വനിത പോലീസ് ഗാർഗി എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി.