എടത്വ: പൈപ്പിന്റെ വാൽവ് നന്നാക്കാൻ എടുത്ത കുഴിയിൽ ബൈക്ക് വീണതിനെ തുടർന്ന് പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന കേറ്ററിംഗ് ഉടമ മരിച്ചു. തലവടി ആനപ്രന്പാൽ ആത്രപ്പള്ളിൽ രാമചന്ദ്രൻ നായരുടെ മകൻ ആർ. രാജീവ് കുമാർ (33) ആണ് മരിച്ചത്. കഴിഞ്ഞ ഏപ്രിൽ അന്പലപ്പുഴ -തിരുവല്ല സംസ്ഥാന പാതയിൽ വെള്ളക്കിണർ ജംഗ്ഷനു സമീപം വച്ചായിരുന്നു അപകടം.
കേറ്ററിംഗ് ആവശ്യത്തിനുള്ള പലചരക്കു സാധനങ്ങൾക്ക് ഓർഡർ നൽകിയ ശേഷം ബൈക്കിൽ വീട്ടിലേക്ക് വരുന്നതിനിടയിൽ വാട്ടർ അഥോറിറ്റി അധികൃതർ വാൽവ് നന്നാക്കാൻ എടുത്ത ശേഷം മൂടാതെ ഇട്ടിരുന്ന കുഴിയിൽ വീണായിരുന്നു അപകടം.
വീഴ്ചയിൽ മൂന്ന് അടി താഴ്ചയിലായിരുന്ന വാൽവിന്റെ നോബ് കണ്ണിൽ തുളച്ചു കയറുകയും തലയ്ക്ക് ഗുരുതരമായ ക്ഷതം ഏൽക്കുകയുമായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ രാജീവിനെ തിരുവല്ല സ്വകാര്യ മെഡിക്കൽ കോളജിൽ എത്തിക്കുകയും പിന്നീട് വിദഗ്ധ ചികിത്സക്കായി എറണാകുളം സ്വകാര്യ മെഡിക്കൽ കോളജിൽ എത്തിച്ചു.
ഇവിടെ ചികിത്സ നടക്കുന്നതിനിടയിൽ കഴിഞ്ഞദിവസം രാത്രി മരിക്കുകയുമായിരുന്നു. രാജീവിന്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: അന്പലപ്പുഴ കരൂർ കൃഷ്ണനിവാസിൽ ഇന്ദു, മക്കൾ: ദക്ഷ, ഋഷികേശ്.