എസ്. സുരേന്ദ്രൻ
ജില്ലാ പോലീസ് ചീഫ്, എറണാകുളം
മോബിൻ ദീർഘനാളത്തെ കാത്തിരിപ്പിനും ആസൂത്രണത്തിനും ഒടുവിൽ സാഹചര്യവും സന്ദർഭവും ഒത്തുവന്നപ്പോൾ കൃത്യം നടത്തുകയായിരുന്നു. ആത്മവിശ്വാസം ലഭിക്കുന്നതിനായി ദൃശ്യം സിനിമ 17 തവണ കണ്ട പ്രതി ഓരോ തവണയും കാണുന്തോറും പുതിയ പുതിയ പദ്ധതികൾ ആസൂത്രണം ചെയ്തു. മധു ജീവിച്ചിരുന്നാൽ തനിക്കും തന്റെ കുടുംബത്തിനും മാനഹാനി ഉണ്ടാകുമെന്നും തന്റെ സഹോദരിക്ക് ഒരു നല്ല ജീവിതം ലഭിക്കുകയില്ലെന്നും ഉള്ളതിനാലാണ് താനും തന്റെ അപ്പനും അപ്പന്റെ ജ്യേഷ്ഠൻ ബേബിയും ബേബിയുടെ മകൻ ജോഫിനും ചേർന്ന് കൊലപ്പെടുത്താൻ തീരുമാനിച്ചെന്നു മോബിൻ പോലീസിനോടു പറഞ്ഞു.
അതിനായി തന്റെ അടുത്ത സുഹൃത്തും അയൽവാസിയുമായ ലിന്റോയോട് കാര്യങ്ങൾ പറഞ്ഞു. മോബിന്റെ നിർദേശാനുസരണം ലിന്റോ മധുവിനെ സ്ഥിരം മദ്യപിക്കാറുള്ള ചിറയിൽ എത്തിച്ചു. അവിടെ വച്ച് അവർ മധുവിനൊപ്പം മദ്യപിച്ചശേഷം അബോധാവസ്ഥയിലായ മധുവിനെ കൊലപ്പെടുത്തുകയായിരുന്നു.
മോബിൻ മധുവിന്റെ കഴുത്തിൽ വേലി കെട്ടാൻ ഉപയോഗിക്കുന്ന കന്പി വച്ച് മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുന്പോൾ ബാക്കിയുള്ളവർ മധുവിന്റെ കൈയിലും കാലിലും പിടിച്ചു വച്ചു സഹായിക്കുകയായിരുന്നു. മധു മരിച്ചെന്ന് ഉറപ്പാക്കിയശേഷം മൃതദേഹം മധുവിന്റെ വീട്ടിലേക്ക് പോകുന്ന വഴിയിലെ തോട്ടിൽ ഉപേക്ഷിച്ചു. മധു മദ്യപിച്ച് ലക്കുകെട്ട് പാലത്തിൽ നിന്ന് തോട്ടിലേക്ക് വീണ് മരിച്ചതാണെന്നു വരുത്തി തീർക്കാൻ വേണ്ടിയായിരുന്നു അങ്ങനെ ചെയ്തത്.
അടുത്ത ദിവസം വെളുപ്പിന് കാര്യങ്ങൾ ശരിയായി മനസിലാക്കുകയും അവിടുത്തെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും വേണ്ടി ലിന്റോയെ മോബിൻ സ്ഥലത്തേക്കു പോയി നോക്കുവാൻ ഫോണ് മുഖാന്തിരം സന്ദേശം അയച്ചു. മധുവിന്റെ സഹോദരി ലിന്റോയെ അവിടെവച്ച് കാണുകയും തിരക്കിയപ്പോൾ താൻ പ്രഭാതകർമങ്ങൾക്കു വേണ്ടി തോടിന് സമീപം വന്നതാണെന്ന് ലിന്റോ പറഞ്ഞൊഴിയുകയും ചെയ്തു.
മധുവിന്റെ മരണാനന്തര ചടങ്ങുകളിൽ സജീവമായി നിൽക്കുവാനും സാധാരണ രീതിയിൽ സംഭവത്തോട് പ്രതികരിക്കുവാനും ആർക്കും തങ്ങളുടെ മേൽ സംശയം തോന്നാതെ പ്രത്യേകം ശ്രദ്ധിക്കുവാനും മോബിൻ എല്ലാ കൂട്ടുപ്രതികൾക്കും നിർദേശം നൽകി. ഇതിന്റെ ഭാഗമായാണ് മധുവിന്റെ മരണമന്വേഷിക്കണം എന്നാവശ്യപ്പെട്ട് രൂപീകരിച്ച പൗരസമിതിയിൽ എല്ലാവരും സജീവ സാന്നിധ്യമായത്.
പോലീസിന്റെ തുടർച്ചയായുള്ള ചോദ്യം ചെയ്യലുകളിൽ എല്ലാവരും ഭയമില്ലാതെ പ്രതികരിച്ചെങ്കിലും ലിന്റോ പലപ്പോഴും പതറിപ്പോയി. ലിന്റോയോടു നുണ പരിശോധനയ്ക്ക് ഹാജാരാകുവാൻ പോലീസ് നിർദേശിച്ചിരുന്നു. അങ്ങനെ സംഭവിച്ചാൽ കൊലപാതക രഹസ്യം പുറത്തു വരുമെന്നും എല്ലാവരും പിടിക്കപ്പെടുമെന്നും മോബിൻ ഭയന്നു. ലിന്റോയെ പോലീസിൽനിന്ന് ഒളിപ്പിക്കുവാൻ വേണ്ടി മോബിൻ പുതിയ തന്ത്രങ്ങൾ മെനഞ്ഞു.
ഇതിനായി ലിന്റോയോട് ആലപ്പുഴ കെഎസ്ആർടിസ് ബസ് സ്റ്റാൻഡിൽ എത്തുവാൻ മോബിൻ ആവശ്യപ്പെട്ടു. അപ്രകാരം അവിടെ എത്തിയ ലിന്റോയോട് ഫോണ് സ്വിച്ച് ഓഫ് ചെയ്യുവാനും സിം കാർഡ് ഉൗരി മാറ്റുവാനും അല്ലാത്തപക്ഷം പോലീസ് അന്വേഷിച്ചു എത്തുവാൻ സാധ്യത ഉണ്ടെന്നുമറിയിച്ചു. മോബിൻ പറഞ്ഞതു പോലെ തന്നെ ലിന്റോ പ്രവർത്തിച്ചു. അതിനു ശേഷം അവൻ ലിന്റോയെ നാട്ടിൽ തന്നെയുള്ള ആളൊഴിഞ്ഞ ഒരു കെട്ടിടത്തിൽ രഹസ്യമായി പാർപ്പിച്ചു.
തുടർന്നു ലിന്റോയ്ക്ക് രണ്ടു ദിവസത്തെ ഭക്ഷണവുമായി വന്ന മോബിൻ നീ രണ്ടു ദിവസം കാത്തിരിക്കുവാനും താൻ അതിനുള്ളിൽ എന്തെങ്കിലും വഴി കണ്ടെത്തി പരിഹാരം ഉണ്ടാക്കാം എന്നും പറഞ്ഞു അവിടെനിന്നും തിരികെ പോയി. ശേഷം നാട്ടിൽ തിരികെ എത്തിയ മോബിൻ മധുവിനെ കൊലപ്പെടുത്തിയ ശേഷം ലിന്റോ നാടുകടന്നതാണെന്ന കുപ്രചരണങ്ങൾ രഹസ്യമായി നടത്തി. ലിനന്റോയുടെ തിരോധാനം മോബിന്റെ പ്രചരണങ്ങൾക്ക് അടിസ്ഥാനമേകുന്നതായിരുന്നു. അതിനാൽ നാട്ടുകാർ ഇതു വിശ്വസിച്ചു.
ഏകാന്തവാസവും പോലീസിനെ ഭയന്നുള്ള ജീവിതവും ലിന്റോയെ മാനസികമായി തളർത്തി. ഇടയ്ക്കു തന്നെ സന്ദർശിക്കാൻ എത്തിയ മോബിനോട് ഇനിയും പിടിച്ചു നിൽക്കുവാൻ ആകില്ലെന്നും പോലീസിനോടു സത്യം പറഞ്ഞു കീഴടങ്ങുവാൻ പോകുകയാണെന്നും ലിന്റോ അറിയിച്ചു.
ഇതുകേട്ട മോബിന് തന്റെ പ്രതീക്ഷകൾ എല്ലാ തകർന്നു. താൻ ഉടനേ തിരികെ വരാമെന്നും പറഞ്ഞു അവിടെനിന്നും പോയ മോബിൻ ലിന്റോയെ വകവരുത്തുവാൻ തീരുമാനിച്ചു. ഇതിനായി തന്റെ അപ്പന്റെ സഹോദര പുത്രനും മധുവിന്റെ കൊലപാതകത്തിൽ പങ്കാളിയുമായ ജോഫിൻ ജോസഫുമായി ചേർന്ന് ലിന്റോയെ ഒളിവിൽ താമസിപ്പിച്ചിരുന്ന രഹസ്യകേന്ദ്രത്തിലെത്തി. ജോഫിൻ ലിന്റോയെ പോലീസിൽ പിടികൊടുക്കുവാനുള്ള തീരുമാനത്തിൽനിന്നും പിന്തിരിപ്പിക്കുവാൻ ശ്രമിച്ചു.
എന്നാൽ ലിന്റോ വഴങ്ങിയില്ല. ഇതുകണ്ടു പ്രകോപിതനായ മോബിൻ അവിടെ കിടന്നിരുന്ന ഒരു മരക്കന്പ് ഉപയോഗിച്ച് ലിന്റോയെ പുറകിൽനിന്നും തലയ്ക്കടിച്ചു കൊലപ്പെടുത്തി. ശേഷം മൃതദേഹം കയർ ഉപയോഗിച്ച് കെട്ടിവരിഞ്ഞ് മോബിന്റെ മീൻവണ്ടിയിൽ രാത്രിയായപ്പോൾ തകഴി ലെവൽ ക്രോസിനു സമീപമുള്ള റെയിൽ ട്രാക്കിൽ ഉപേക്ഷിച്ചു. ട്രെയിൻ തട്ടി തെറിച്ച മൃതദേഹം അടുത്തുള്ള കുറ്റിക്കാട്ടിൽ ചെന്നു വീണു. ഒരിക്കലും പോലീസ് തന്നെ തേടിയെത്തില്ല എന്ന അമിത ആത്മവിശ്വാസം മോബിന് വിനയായി.
തയാറാക്കിയത്- സീമ മോഹൻലാൽ