ആലുവ: എടയപ്പുറത്ത് വീട്ടിൽ ഉറങ്ങിക്കിടന്ന ബീഹാർ സ്വദേശിനിയായ എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച് വഴിയിൽ ഉപേക്ഷിച്ച കേസിൽ പ്രതിക്കെതിരേ പഴുതടച്ച കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് ജില്ലാ പോലീസ് മേധാവി വിവേക് കുമാർ പറഞ്ഞു.
അടുത്ത ദിവസം തന്നെ കുറ്റപത്രം സമർപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും എസ്പി പറഞ്ഞു.ആലുവ കൊലപാതക കേസിലെ പ്രതിയെ വധശിക്ഷക്ക് വിധിച്ച അതേ കോടതിയിൽ തന്നെയാണ് ഈ കേസും വിചാരണയ്ക്ക് വരുന്നത്.
ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന കേസാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്. സെപ്റ്റംബർ ഏഴിന് പുലർച്ചെ 2.15നായിരുന്നു എടയപ്പുറത്തെ ക്രൂരത. കേസിലെ ഏക പ്രതി നെയ്യാറ്റിൻകര ചെങ്കൽ വഞ്ചിക്കുഴി കമ്പാരക്കൽ ക്രിസ്റ്റൽരാജ് (27) ഇപ്പോഴും ആലുവ സബ് ജയിലിൽ റിമാൻഡിലാണ്.
ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ ചികിത്സാ സൗകര്യം കൂടി പരിഗണിച്ച് ജയിൽ മാറണമെന്ന് പ്രതി കോടതിയോട് ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചിരുന്നില്ല.
എടയപ്പുറം ചാത്തൻപുറത്ത് വാടക വീട്ടിലെ ഹാളിൽ ജ്യേഷ്ഠ സഹോദരനൊപ്പം ഉറക്കത്തിലായിരുന്ന കുട്ടിയെ ജനലഴിക്കുള്ളിലൂടെ കൈകടത്തി വാതിൽ തുറന്നാണ് പ്രതി തട്ടിക്കൊണ്ടുപോയത്. 150 മീറ്റർ അകലെ പാടശേഖരത്തിലെ പ്രവർത്തന രഹിതമായ മോട്ടർ ഷെഡിലെത്തിച്ചാണ് പീഡിപ്പിച്ചത്.