വടക്കഞ്ചേരി: മംഗലംപാലത്തിനുസമീപം ദേശീയ, സംസ്ഥാന പാതകളിലേക്ക് അനധികൃത വഴികളിലൂടെ വാഹനങ്ങൾ പ്രവേശിക്കുന്നത് അപകടങ്ങൾക്ക് കാരണമാകുന്നു. രണ്ടുപാതകൾ തമ്മിൽ വേർതിരിക്കുന്ന ഇവിടെ മണ്തിട്ടയായതിനാൽ അതിനു മുകളിലൂടെയാണ് ചെറിയ വാഹനങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും കടക്കുന്നത്.
മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയിൽനിന്നും ദേശീയപാതയിലേക്ക് വാഹനങ്ങൾ കടക്കുന്നതാണ് ഏറെ അപകടം. പാലക്കാട് ഭാഗത്തുനിന്നും വേഗതയിൽ വരുന്ന വാഹനങ്ങൾക്ക് ഇത്തരം അനധികൃത പ്രവേശന വഴികളിലൂടെ വാഹനങ്ങൾ കടക്കുന്നത് ദൂരെനിന്നും കാണാനാകില്ല.
ഇടയ്ക്കുനിന്നും വാഹനം പെട്ടെന്നു കയറിവരുന്നത് ശ്രദ്ധയിൽപ്പെടുന്പോൾ കൂട്ടിയിടി ഒഴിവാക്കാൻ ബ്രേക്ക് ചെയ്യുകയും വാഹനങ്ങൾ നിയന്ത്രണംവിടുകയും ചെയ്യും. ഇത്തരം അനധികൃത വഴികൾ ഉറപ്പുള്ള കൈവരികൾ സ്ഥാപിച്ച് അടയ്ക്കണമെന്നാണ് ആവശ്യമുയരുന്നത്.
ഇവിടെ വാഹനങ്ങൾ കയറാതിരിക്കാൻ പോലീസ് ഇടപെട്ട് ജെസിബി ഉപയോഗിച്ച് കാനനിർമിച്ചിരുന്നെങ്കിലും കുറച്ചുകഴിഞ്ഞാൽ ഈ കാന മണ്ണുനികന്ന് ഇല്ലാതാകും. ആദ്യം ഇരുചക്രവാഹനങ്ങൾ മാത്രമാകുന്ന വഴി പിന്നീട് വീതികൂടി വലിയ വാഹനങ്ങളും പോകുന്ന വഴിയാകുകയാണ്. പോലീസ് ഇടപെട്ട് ഇതിന് അടിയന്തിരനടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.