കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവങ്ങളെത്തുടർന്നു അമ്മ സംഘടനയിൽ ഉടലെടുത്ത അസ്വാരസ്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ഭാരവാഹികളുടെ യോഗം ഉടൻ വിളിച്ചുചേർക്കാനാകുമോയെന്നു താരസംഘടനയായ അമ്മ പരിശോധിക്കുന്നു. 19ന് ഭാരവാഹികളുടെ യോഗം ചേരാനാകൂമോയെന്നു പരിശോധിക്കാൻ അമ്മ പ്രസിഡന്റ് മോഹൻലാൽ നിർദേശം നൽകിയതായാണു വിവരം.
ഇതിനിടെ, സംഘടനാ നേതൃത്വത്തിൽനിന്നുതന്നെ ഉയർന്നുവന്നിരിക്കുന്ന ആരോപണങ്ങളിൽ അസ്വസ്ഥനായ മോഹൻലാൽ രാജിക്കൊരുങ്ങിയെന്ന തരത്തിലുള്ള വാർത്ത സ്ഥിരീകരിക്കാൻ ഭാരവാഹികൾ തയാറായിട്ടില്ല. നിലവിലെ സാഹചര്യത്തിൽ ഉടൻ ഭാരവാഹികളുടെ യോഗം വിളിച്ചു ചേർക്കാൻ നിർദേശം ലഭിച്ചതായി ഭാരവാഹികൾ സ്ഥിരീകരിച്ചു. 19ന് യോഗം ചേരാനാണു നിലവിലെ തീരുമാനം.
അന്നേദിനം എട്ടോളം പേർ സ്ഥലത്തുണ്ടാവില്ലെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും യോഗവുമായി മുന്നോട്ട്പോകുവാനാണു തീരുമാനിച്ചിട്ടുള്ളതെന്ന് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നട·ാരായ ജഗദീഷിന്റെയും സിദ്ദിഖിന്റെയും നിലപാടുകളിലെ വൈരുദ്ധ്യമാണ് നിലവിലെ അസ്വാരസ്യങ്ങർക്ക് ഇടവരുത്തിയിട്ടുള്ളത്.
സംഘടനയിൽ ചേരിതിരിവില്ലെന്നും എല്ലാവരുടെയും ഇടയിൽ ചർച്ചകൾ നടക്കുന്നുണ്ടെന്നും ഇടവേള ബാബു പറഞ്ഞു. പരസ്പരം ബഹുമാനം കുറയുന്പോഴാണ് കലഹങ്ങൾ ഉണ്ടാകുന്നത്. സിനിമയിൽ എല്ലാവരും സുഹൃത്തുക്കളാണ്. ചർച്ചകൾ നടക്കണം. എല്ലാവർക്കും അഭിപ്രായം പറയാൻ അവസരമുണ്ട്.
പറയേണ്ട വേദിയിൽ കാര്യങ്ങൾ പറയാതെ മറ്റുള്ള സ്ഥലത്ത് പറയുന്നത് ശരിയല്ല. ചില വിഷയങ്ങൾ വരുന്പോൾ രാജിവയ്ക്കാൻ തനിക്കും തോന്നിയിട്ടുണ്ടെന്നും മോഹൻലാലിന്റെ രാജിക്കാര്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.