കൊച്ചി: എടയാറിലെ ശുദ്ധീകരണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതിനിടെ കവർച്ച ചെയ്യപ്പെട്ട 20 കിലോ സ്വർണം കണ്ടെത്താനാകാതെ പോലീസ്. കേസുമായി ബന്ധപ്പെട്ട് മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യാൻ കഴിഞ്ഞെങ്കിലും സ്വർണം കണ്ടെത്താനാകാത്തത് തലവേദനയായി. റിമാൻഡിൽ കഴിയുന്ന അഞ്ച് പ്രതികളെ പല ആവർത്തി ചോദ്യം ചെയ്തിട്ടും സ്വർണം എങ്ങോട്ടാണ് കൊണ്ടുപോയതെന്ന സൂചനപോലും കിട്ടിയിട്ടില്ല.
ഇവരെ കൂടാതെ കുറ്റകൃത്യത്തിൽ മറ്റു സംഘങ്ങളുടെ പിന്തുണയും ഉണ്ടായിട്ടുണ്ടെന്ന് പോലീസ് കരുതുന്നു. ഇതിനായി പ്രതികളുമായി ബന്ധപ്പെട്ടവരെ ചോദ്യം ചെയ്യാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. മുഖ്യപ്രതി സതീഷിന്റെ അകന്ന ബന്ധുവായ ബിപിൻ സെബാസ്റ്റ്യനെ പിടികൂടാൻ പോലീസ് വ്യപകമായ തിരച്ചിൽ തുടങ്ങി.
ഇയാളെ കിട്ടിയാൽ അന്വേഷണത്തിൽ വഴിത്തിരിവ് ഉണ്ടാകുമെന്നാണ് നിഗമനം. കവർച്ചയിൽ ഉൾപ്പെട്ട മുഴുവനാളുകളെയും രണ്ടാഴ്ചയ്ക്കുള്ളിൽ വലയിലാക്കിയതു നേട്ടമായെങ്കിലും തൊണ്ടി കണ്ടെടുത്താലേ അതിനു പൂർണത കൈവരൂ. അതിനാൽ ഏതുവിധേനയും സ്വർണം വീണ്ടെടുക്കാനാണു നീക്കം.
പ്രതികളെ തെളിവെടുപ്പിനു കസ്റ്റഡിയിൽ കിട്ടാൻ കോടതിയിൽ അപേക്ഷ നൽകി. പ്യൂരിറ്റി വർധിപ്പിക്കാൻ എടയാർ സിജിആർ മെറ്റലോയ്സിലേക്കു കൊണ്ടുവന്ന മലർ രൂപത്തിലുള്ള സ്വർണമാണു കവർന്നത്. കവർച്ച നടന്ന വിവരം അറിയാവുന്നതിനാൽ ചെറുകിട ജ്വല്ലറിക്കാരാരും ഇതു വാങ്ങാനിടയില്ല എന്നാണ് പോലീസ് കരുതുന്നത്.
സ്വർണ ശുദ്ധീകരണശാലകളുമായി അടുത്ത ബന്ധമുള്ളവർക്കേ ഇത് ഉപയോഗിക്കാൻ കഴിയൂ. എന്നാൽ പോലീസ് റിക്കവറി പേടിച്ച് അവരും വാങ്ങാനിടയില്ല. കവർച്ചാവേളയിൽ സതീഷും റാഷിദും സഞ്ചരിച്ച ബൈക്കും ബിബിൻ, നസീബ് എന്നിവർ സഞ്ചരിച്ച കാറും കണ്ടെടുത്തു. കാർ തൊടുപുഴയിൽ നിന്നു റെന്റ് എ കാർ വ്യവസ്ഥയിൽ എടുത്തതാണ്.