ആലുവ: എടയാറിലെ ജലശുദ്ധീകരണശാലയായ സിജിആർ മെറ്റലോയ്സിലേക്ക് കൊണ്ടുവന്ന 20 കിലോ സ്വർണഉരുപ്പടികൾ കവർന്ന സംഭവത്തിലെ പ്രതികൾ ഇതേ സ്ഥാപനത്തിലെ മുൻ ജീവനക്കാർ. മാസങ്ങൾക്ക് മുന്പേ ഗൂഢാലോചന നടന്നതും ഇതേകന്പനിയിൽ വച്ചുതന്നെ.
കേസിൽ കസ്റ്റഡിയിലായ കന്പനിയിലെ മുൻ ജീവനക്കാരൻ ഇടുക്കി മുരിക്കാശേരി സ്വദേശി ബിബിൻ ജോർജിനെ ചോദ്യം ചെയ്തതിൽ നിന്നു കവർച്ച സംഘത്തെക്കുറിച്ചുള്ള വ്യക്തമായ സൂചനകൾ പ്രത്യേക അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇയാളുടെ മൊഴി പ്രകാരം കേസിലെ മുഖ്യ പ്രതിയെന്ന് കരുതുന്ന കന്പനിയിലെ മുൻ ഡ്രൈവർ ഇടുക്കി സ്വദേശി സതീഷ് സെബാസ്റ്റ്യനെതിരേ പോലീസ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു.
അറസ്റ്റിലായ ബിബിനെ ഗൂഡാലോചന കുറ്റം ചുമത്തി ഇന്ന് കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ ഒൻപതിനു രാത്രി പത്തോടെ എടയാറിലായിരുന്നു സംഭവം. എറണാകുളത്തെ സ്ഥാപനത്തിൽനിന്നും കാറിൽ കൊണ്ടുവന്ന സ്വർണമാണ് ശുദ്ധീകരണശാലയ്ക്ക് മുൻവശം ബൈക്കിലെത്തിയ രണ്ടംഗസംഘം ചില്ല് തകർത്ത് കവർന്നത്.
ആറു കോടി വിലമതിക്കുന്ന 20 കിലോ സ്വർണം കവരുന്പോൾ കാറിൽ നാലുപേരുണ്ടായിരുന്നു. ഇവർക്ക് നേരേ കുരുമുളക് സ്പ്രേ പ്രയോഗിച്ച ശേഷമായിരുന്നു കവർച്ച.