കടുത്തുരുത്തി: കൃഷി ചെയ്യാനായി ഉഴുതിട്ടിരിക്കുന്ന പാടത്ത്് വെള്ളമില്ല, കൃഷിയിറക്കാൻ കഴിയാതെ കർഷകർ പ്രതിസന്ധിയിൽ. മുളക്കുളം ഇടായറ്റു പാടശേഖരത്തിലെ മൂഴിക, ഇടമത പ്രദേശങ്ങളിലെ 15 ഏക്കറോളം പാടമാണ് കൃഷിക്കായി ഉഴുതിട്ടിരിക്കുന്നത്. വെള്ളമില്ലാത്തതിനാൽ ഇവിടെ കൃഷിയിറക്കുവാൻ കഴിയുന്നില്ലെന്ന് കർഷകർ പറയുന്നു. കൂടാതെ 25 ഏക്കറോളം പാടശേഖരം വെള്ളമില്ലാത്തതിനാൽ ഉഴുതെടുക്കുവാനും കഴിയാതെ കർഷകർ വിഷമിക്കുകയാണ്.
ഉഴുതിട്ടിരിക്കുന്ന പാടത്ത് വെള്ളമില്ലാത്തതിനാൽ ബാക്കി പണികൾ ചെയ്യാനാകാത്ത അവസ്ഥയാണ്. മുളക്കുളത്തെ കുന്നപ്പിള്ളി കനാലിൽ നിന്നും പന്പ് ചെയ്യുന്ന വെള്ളമുപയോഗിച്ചാണ് ഇവിടെ കൃഷിയിറക്കാറെന്ന് കർഷകർ പറയുന്നു. കുന്നപ്പിള്ളിയിലുള്ള രണ്ട് പന്പുഹൗസുകളും നിർമാണത്തിനായി പൊളിച്ചതിന് ശേഷം പണി പൂർത്തിയാക്കാതെ കിടക്കുകയാണ്.
കൂടാതെ വെള്ളം ഒഴുകുന്ന കനാൽ കാട് കയറി മൂടിയ നിലയിലുമാണ്. പന്പ് ഹൗസുകൾ പ്രവർത്തനയോഗ്യമാക്കിയാലും കനാൽ തെളിച്ചാൽ മാത്രമേ പാടത്തേക്കു വെള്ളം എത്തുകയുള്ളുവെന്ന് കർഷകർ ചൂണ്ടികാണിക്കുന്നു. തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ചു കനാൽ തെളിക്കുന്ന വിഷയം സംബന്ധിച്ചു പഞ്ചായത്തും ഇറിഗേഷൻ ഡിപ്പാർട്ടമെന്റും തമ്മിൽ തർക്കം തുടരുകയാണ്.
തർക്കം മൂലം പ്രതിസന്ധിയിലായിരിക്കുന്നത് കർഷകരാണ്. കഴിഞ്ഞ വർഷം കൃഷി ചെയ്യാൻ താമസിച്ചതുമൂലം വിളവെടുപ്പായപ്പോഴേക്കും മഴയെത്തിയതോടെ കർഷകർക്ക് ഏറേ നഷ്ടമുണ്ടായിരുന്നു. ഇത് ഒഴിവാക്കാനാണ് ഇക്കുറി കർഷകർ നേരെത്തെ കൃഷിയിറക്കാൻ ശ്രമിക്കുന്നത്. പന്പുഹൗസുകളുടെ നിർമാണം ഉടൻ തീരുമെന്നാണ് അധികൃതർ പറയുന്നതെങ്കിലും കനാലിന്റെ കാര്യത്തിൽ ഇതുവരെ തീരുമാനമൊന്നുമായിട്ടില്ല.