ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ അറസ്റ്റ് ഉടന്‍ വേണ്ടെന്നു നിയമോപദേശം. ഇതോടെ നിയമവിദഗ്ധരുമായി ആലോചിച്ച് തുടര്‍ നടപടി സ്വീകരിക്കാനാണ് ഇഡിയുടെ നീക്കം.
ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടു വീണ്ടും കേജരിവാളിന് നോട്ടീസ് നല്‍കുമെന്നും സൂചനയുണ്ട്. ഇഡി നിയമപരമായി സമൻസ് നൽകിയാൽ കേജരിവാൾ ഹാജരാകുമെന്നാണ് എഎപി നിലപാടെന്നും അറിയുന്നു.
ചോദ്യം ചെയ്യലിന് വിളിപ്പിക്കുന്നത് സാക്ഷിയെയാണോ പ്രതിയെയാണോ എന്ന് നോട്ടീസിൽ വ്യക്തമാക്കണമെന്ന് എഎപി ആവശ്യപ്പെട്ടു. ഇഡിയുടെ ഭാഗത്തുനിന്ന് അപ്രതീക്ഷിത നീക്കമുണ്ടായാൽ പ്രതിഷേധത്തിന് തയാറായിരിക്കാനാണ് പ്രവർത്തകർക്കുള്ള നിർദേശം.
കേന്ദ്രത്തിന്റേത് രാഷ്ട്രീയ നീക്കമെന്നു ശരദ് പവാര്‍ ആരോപിച്ചു. സമാന രാഷ്ട്രീയ കാഴ്ചപ്പാടുകളില്ലാത്തവരെ നിരുത്സാഹപ്പെടുത്താൻ കേന്ദ്രം അധികാര ദുർവിനിയോഗം നടത്തുകയാണെന്നു ശരദ് പവാർ പറഞ്ഞു.
അതിനിടെ, ഡൽഹിയിലെ മൊഹല്ല ക്ലിനിക്കുകളുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ ലഫ്റ്റനന്റ് ഗവർണർക്കെതിരേ എഎപി രംഗത്തെത്തി.
അഴിമതി നടത്തിയത് കേന്ദ്ര സർക്കാർ നിയമിച്ച ഉദ്യോഗസ്ഥരാണെന്നും ആരോഗ്യ സെക്രട്ടറിക്കെതിരേ എന്തുകൊണ്ട് അന്വേഷണമില്ലെന്നും ആരോഗ്യ മന്ത്രി സൗരഭ് ഭരത്വാജ് പ്രതികരിച്ചു.