കോല്‍ക്കത്ത: ഈഡന് ഗാര്‍ഡന്‍സില്‍ ഇന്നു മുതല്‍ പിങ്ക് വിപ്ലവം. ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ ഡേ-നൈറ്റ് ടെസ്റ്റിന് ക്രിക്കറ്റിലെ പല ചരിത്രമുഹൂര്‍ത്തങ്ങള്‍ക്കും വേദിയായ ഈഡന് ഗാര്‍ഡന്‍സില്‍ വിരാട് കോഹ്ലി നയിക്കുന്ന ടീം ഇന്ത്യ ബംഗ്ലാദേശിനോടു കൊമ്പുകോര്‍ക്കുമ്പോള്‍ ഇന്ത്യയും പിങ്ക് വിപ്ലവത്തിലേക്കു കടക്കും.
ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും ആദ്യത്തെ പകൽ-രാത്രി ടെസ്റ്റാണ്. കോഹ്ലി ആദ്യം ഡേ നൈറ്റ് ടെസ്റ്റിനു വിമുഖതകാട്ടിയെങ്കിലും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ താത്പര്യം അംഗീകരിക്കുകയായിരുന്നു. ഡേ-നൈറ്റ് ടെസ്റ്റിന് ഏഴു വര്‍ഷം മുമ്പ് ഐസിസി അംഗീകാരം നല്‍കിയെങ്കിലും ഇക്കാലമത്രയും ഇന്ത്യന്‍ ക്രിക്കറ്റ് അതിനോട് വിമുഖത കാട്ടുകയായിരുന്നു. എന്നാല്‍ ബിസിസിഐയുടെ തലപ്പത്ത് മുന്‍ നായകന് ഗാംഗുലിയെത്തിയതോടെ ഇന്ത്യയും ഡേ-നൈറ്റ് ടെസ്റ്റിനോട് താത്പര്യം കാണിച്ചു.
ബംഗ്ലാദേശ് ടീം ഇന്ത്യയിലെത്തുന്നതിന് കുറച്ചു ദിവസങ്ങള്‍ക്കു മുമ്പാണ് ഗാംഗുലി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനെക്കൊണ്ട് ഡേ-നൈറ്റ് ടെസ്റ്റ് കളിപ്പിക്കാനുള്ള സമ്മതം വാങ്ങിയത്.ഇതുവരെ ലോകത്തിന്റെ പലഭാഗത്തുമായി 11 ഡേ-നൈറ്റ് ടെസ്റ്റ് നടന്നു കഴിഞ്ഞു. നാലു വര്‍ഷം മുമ്പ് അഡ്ലെയ്ഡില് ഓസ്ട്രേലിയ-ന്യൂസിലന്‍ഡ് മത്സരത്തോടെയാണ് ക്രിക്കറ്റില്‍ പിങ്ക് വസന്തം ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം ഇന്ത്യ ഓസ്ട്രേലിയയില്‍ പര്യടനത്തിനെത്തിയപ്പോള്‍ അഡ്ലെയ്ഡില് വച്ച് ഡേ-നൈറ്റ് ടെസ്റ്റ് നടത്തണമെന്ന ആവശ്യം ഓസ്ട്രേലിയ മുന്നോട്ടുവച്ചു. എന്നാല്‍ ഇന്ത്യ അതിനു തയാറിയില്ല.
ഗാംഗുലി ബിസിസിഐയുടെ അധ്യക്ഷനായി ചുമതലയേറ്റ ഉടനെടുത്ത ഏറ്റവും വലിയ തീരുമാനമായിരുന്നു ഡേ-നൈറ്റ് ടെസ്റ്റ്. എസ്ജിയുടെ പിങ്ക് പന്തായിരുന്ന ഇന്ത്യയുടെ എതിര്‍പ്പിനു കാരണം. സൂര്യാസ്തമയസമയത്ത് പന്ത് കാണാന്‍ പ്രയാസമാണെന്ന് ഇപ്പോഴും പലരും വിശ്വസിക്കുന്നുണ്ട്. ഇതിനൊപ്പം ബൗളര്‍മാര്‍ക്കു ബുദ്ധിമുട്ടായി മഞ്ഞിന്റെ പ്രശ്നവും ഉണ്ടാകുമെന്നും കരുതുന്നു. ഇതെക്കെയായിരുന്നു കോഹ്ലിക്ക് ഡേ-നൈറ്റ് ടെസ്റ്റില്‍ താത്പര്യം കുറച്ചത്. എന്നാല്‍ ഗാംഗുലിമായി കൂടിക്കാഴ്ചയില്‍ വെറും മൂന്നു സെക്കന്‍ഡുകൊണ്ട് കോഹ്ലി സമ്മതിക്കുകയായിരുന്നു.
ഇതുവരെയുള്ള ബില്‍ഡ് അപ്പ് സുഗമമായിരുന്നു. ആദ്യ നാലു ദിവസത്തേക്കുള്ള ടിക്കറ്റുകള്‍ വിറ്റുതീരുകയും ചെയ്തു. ഡേ-നൈറ്റ് ടെസ്റ്റിന്റെ എല്ലാ ഹൈപ്പുകളുമുണ്ടെങ്കിലും ഇന്ത്യ നാട്ടില്‍ തുടര്‍ച്ചയായ 12-ാം ടെസ്റ്റ് പരമ്പര ജയത്തിനാണ് ഒരുങ്ങുന്നത്.
പിങ്ക് പന്ത് ഉപയോഗിക്കുന്നത്
ടെസ്റ്റില്‍ ഉപയോഗിക്കുന്ന ചുവന്ന പന്തുകള്‍ക്കു പകരം പകല്‍ -രാത്രി മത്സരത്തിന് പിങ്ക് പന്ത് ഉപയോഗിക്കുന്നത് കാഴ്ചസുഗമമാകാനാണ്.അഞ്ചു മണിയോടെ പൂര്‍ണ ഇരുട്ടാകുന്ന അവസ്ഥയാണ് കോല്‍ക്കത്തയില്‍. സന്ധ്യയോടെ മഞ്ഞുവീഴ്ചയും തണുറ്റ കാറ്റും ആരംഭിക്കും. പന്ത് മഞ്ഞില്‍ നനഞ്ഞുതുടങ്ങുന്നത് ബൗളര്‍മാരെ ബാധിക്കും. റിവേഴ്സ് സ്വിംഗിനുള്ള സാധ്യത കുറയും. സ്പിന്നര്‍മാര്‍ക്ക് ഗ്രിപ്പും നഷ്ടപ്പെടും. ഇതോടെ ബാറ്റിംഗ് സുഗമമാകും. മഞ്ഞ് അധികം ബാധിക്കാതിരാന് കളി എട്ട് മണിക്കു തീര്‍ക്കും.
ആഘോഷത്തിനൊരുങ്ങി ബംഗാള്‍
ഇന്ത്യന്‍ ക്രിക്കറ്റിലെ ചരിത്ര മുഹൂര്‍ത്തം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്. മത്സരം ആരാധകര്‍ക്ക് ഒരു കാര്‍ണിവലാക്കി മാറ്റാനുള്ള എല്ലാം ചെയ്തിട്ടുണ്ട് അസോസിയേഷന്. പിങ്ക് ബോള്‍ മസ്കോട്ടുകള്, മാച്ച് ബോള്‍ ആര്‍മിയുടെ പാരാട്രൂപ്പര്മാരാകും എത്തിക്കുക. കൂടാതെ കായിക, രാഷ്ട്രീയരംഗത്തെ പ്രമുഖരും ഈഡനില്‍ എത്തും. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേക് ഹസീനയും മത്സരം കാണാനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മത്സരത്തിനു മുമ്പുള്ള ബെല്ലടിക്കുന്നത് ഷേക് ഹസീനയും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ചേര്‍ന്നായിരിക്കും.
ജയം തുടരാന്‍
മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ് എന്നീ പേസ് ത്രയത്തിന്റെ മികവില്‍ ഇന്‍ഡോറിലെ ആദ്യ ടെസ്റ്റ് മൂന്നു ദിവസം കൊണ്ടു തീര്‍ന്നപ്പോള്‍ ഇന്ത്യ ഇന്നിംഗ്സിനും 130 റണ്‍സിനും ജയിച്ചു. ഇന്ത്യയുടെ 10-ാമത്തെ ഇന്നിംഗ്സ് ജയമായിരുന്നു അത്. പേസ് ആക്രമണത്തിനു പുറമെ ഓപ്പണിംഗില്‍ ഇന്ത്യയുടെ പുതിയ സഖ്യമായ രോഹിത് ശര്‍മയും മായങ്ക് അഗര്‍വാളും തുടരുന്ന ഫോമും ഇന്ത്യക്ക് കരുത്താകുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യ അടുത്ത ജയത്തോടെ പോയിന്റ് നില കൂടുതല്‍ ശക്തമാക്കാനുള്ള ലക്ഷ്യമാണിടുന്നത്.
ഇന്ത്യന്‍ ടീമിലെ പലരും പിങ്ക് പന്തില്‍ പരിചയം നേടിയിട്ടുള്ളവരാണ്. ദുലീപ് ട്രോഫിയുടെ മൂന്നു സീസണില്‍ പിങ്ക് പന്തില്‍ ഇവര്‍ പകല്‍-രാത്രിയില്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ ബംഗ്ലാദേശിന് ഇതൊരു വെല്ലുവിളിയാണ്. ആദ്യമായാണ് അവര്‍ പിങ്ക് പന്തില്‍ കളിക്കാനൊരുങ്ങുന്നത്.
ആദ്യ ടെസ്റ്റില്‍ അര്‍ധ സെഞ്ചുറി കടന്ന മുഷ്ഫിഖര്‍ റഹീം ഒഴികെയുള്ള ബംഗ്ലാ ബാറ്റ്സ്മാരെല്ലാം റണ്‍സെടുക്കാന്‍ ബുദ്ധിമുട്ടിയിരുന്നു. ബാറ്റിംഗ് നിരയുടെ പരാജയം ഷക്കീബ് അല്‍ ഹസനു പകരം ടെസ്റ്റ് നായകനായി സ്ഥാനമേറ്റ മോമിനുള്‍ ഹഖിനു തലവേദനയാണ് നല്‍കുന്നത്. ബൗളിംഗിലാണ് നായകന് അല്പമെങ്കിലും ആശ്വാസമുള്ളത്. ഇന്‍ഡോര്‍ ടെസ്റ്റില്‍ അബു ജയേദ് മികവ് പുറത്തെടുത്തു.