കോൽക്കത്ത: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ എല്ലാ ആവേശവും നിറഞ്ഞ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ കീഴടക്കി കോൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഒരു റണ്ണിനായിരുന്നു കെകെആറിന്റെ ജയം. ഹോംഗ്രൗണ്ടായ ഈഡൻ ഗാർഡൻസിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ 50-ാം ജയമാണ്. സ്കോർ: കോൽക്കത്ത നൈറ്റ് റൈഡേഴ്സ് 222/6 (20). റോയൽ ചലഞ്ചേഴ്സ് ബംഗളൂരു 221 (20).
223 റണ്‍സ് എന്ന ലക്ഷ്യത്തിനായി ക്രീസിലെത്തിയ ആർസിബിക്ക് അവസാന ഓവറിൽ 21 റണ്‍സായിരുന്നു ജയിക്കാൻ വേണ്ടിയിരുന്നത്. മിച്ചർ സ്റ്റാർക്ക് എറിഞ്ഞ ആ ഓവറിൽ മൂന്ന് സിക്സ് അടിച്ച് കരണ്‍ ശർമ ആർസിബിക്ക് വിജയപ്രതീക്ഷ നൽകി. എന്നാൽ, അഞ്ചാം പന്തിൽ കരണ്‍ ശർമയും (ഏഴ് പന്തിൽ 20) അവസാന പന്തിൽ രണ്ടാം റണ്ണിനായി ശ്രമിച്ച ലോക്കി ഫെർഗൂസണും (1) പുറത്തായതോടെ കെകെആർ ഒരു റണ്‍ ജയം സ്വന്തമാക്കി.
ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ കോൽക്കത്തയ്ക്കുവേണ്ടി ഫിൽ സാൾട്ട് വെടിക്കെട്ട് തുടക്കം കുറിച്ചു. 14 പന്തിൽ 48 റണ്‍സ് അടിച്ചെടുത്തശേഷമാണ് സാൾട്ട് മടങ്ങിയത്. അഞ്ചാം നന്പറായെത്തിയ ക്യാപ്റ്റൻ ശ്രേയസ് അയ്യർ (36 പന്തിൽ 50) അർധസെഞ്ചുറി നേടി. റിങ്കു സിംഗ് (16 പന്തിൽ 24), ആന്ദ്രേ റസൽ (20 പന്തിൽ 27 നോട്ടൗട്ട്), രമൻദീപ് സിംഗ് (ഒന്‍പത് പന്തിൽ 24 നോട്ടൗട്ട്) എന്നിവരും തിളങ്ങി.
മറുപടിക്കിറങ്ങിയ ബംഗളൂരുവിന്റെ ഓപ്പണർമാരായ വിരാട് കോഹ്ലി (18), ഫാഫ് ഡുപ്ലെസി (7) എന്നിവർ തുടക്കത്തിലേ പുറത്തായി. വിൽ ജാക്സ് (32 പന്തിൽ 55), രജത് പാട്ടിദാർ (23 പന്തിൽ 52) എന്നിവർ മൂന്നാം വിക്കറ്റിൽ 102 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി പ്രതീക്ഷ നൽകി. എന്നാൽ, പിന്നാലെയെത്തിയ കാമറൂണ്‍ ഗ്രീൻ (6), ദിനേശ് കാർത്തിക് (18 പന്തിൽ 25) എന്നിവർക്ക് ടീമിനെ ജയത്തിലേക്ക് നയിക്കാൻ സാധിച്ചില്ല.