തലശേരി: മത്സ്യമൊത്തവ്യാപാരിയുടെ വീട്ടിൽ ആദായ നികുതി ഉദ്യാഗസ്ഥർ ചമഞ്ഞ് തട്ടിപ്പിനെത്തിയ സംഘത്തിനു പിന്നിൽ “പെൺകുട്ടി’യുള്ളതായി അന്വേഷണസംഘത്തിനു സൂചന ലഭിച്ചു. തട്ടിപ്പ് സംഘം എത്തിയ ഗ്രേ കളർ ഇന്നോവ കാർ സെയ്ദാർപള്ളി വഴി കടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യം പോലീസിനു ലഭിച്ചു. ഇതിനിടയിൽ ആദായവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ഇന്നലെ തലശേരിയിലെത്തി പോലീസുമായി ചർച്ച നടത്തി.
തങ്ങളല്ല റെയ്ഡ് നടത്തിയതെന്ന് ആദായവകുപ്പ് ഉദ്യോഗസ്ഥർ പോലീസിനെ അറിയിച്ചു. തട്ടിപ്പ് സംഘം തിരിച്ചുപോകുന്പോൾ മത്സ്യമൊത്ത വ്യാപാരിക്കു നൽകിയ ഇൻകം ടാക്സ് ഫോം സെവൻ വ്യാജമാണെന്നും കണ്ടെത്തി.
വ്യാഴാഴ്ച പുലർച്ചെ 3.30 നാണ് പോലീസ് വേഷത്തിലുള്ള ഒരാൾ ഉൾപ്പെടെ അഞ്ചുപേർ തലശേരി നഗരത്തിലെ പ്രമുഖ മത്സ്യ മൊത്തവിതരണ ഗ്രൂപ്പായ പി.പി.എമ്മിന്റെ ഉടമ പി.പി.എം. മജീദിന്റെ സെയ്ദാർ പള്ളിയിലെ വീട്ടിൽ എത്തിയത്.
മജീദിനെ വ്യക്തമായി അറിയുന്ന സംഘമാണ് ഈ ഓപ്പറേഷനു പിന്നിലെന്നും സംശയിക്കുന്നുണ്ട്. മത്സ്യ വില്പനയുമായി ബന്ധപ്പെട്ട് വൻ തുക മജീദിന്റെ വീട്ടിലുണ്ടാകുമെന്ന ധാരണയെ തുടർന്നാണ് ഇവർ എത്തിയതെന്നു കരുതുന്നു.
കുട്ടികളുടെ സാന്നിധ്യവും വീടിന്റെ പരിസരത്തെ സാഹചര്യവും അനുകൂലമല്ലാത്തതിനാലാണു സംഘം ശ്രമം ഉപേക്ഷിച്ചു മടങ്ങിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
റെയ്ഡിന്റെ പേരിൽ വീടിനുള്ളിൽ കടന്ന അഞ്ചംഗസംഘം 26,000 രൂപ കവർന്നതായി വ്യാപാരി നൽകിയ പരാതിയിൽ പറയുന്നു. ഇവരിൽ ഒരാൾ തമിഴ് കലർന്ന മലയാളമാണു സംസാരിച്ചിരുന്നത്. മറ്റു നാലുപേർ തെക്കൻ കേരളത്തിലെ മലയാളമാണ് സംസാരിച്ചിരുന്നതെന്നും മജീദ് പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. സിഐ എം.പി ആസാദ്, എസ്ഐ എം. അനിൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.