അന്പലപ്പുഴ: ഇടിമിന്നൽ തകർത്തത് 10 വയസുകാരന്റെ തലച്ചോറും, കുടുംബത്തിന്റെ സ്വപ്നങ്ങളും. പുന്നപ്ര തെക്കു പഞ്ചായത്ത് നാലാം വാർഡ് കണിച്ചുകാട് വീട്ടിൽ പരേതനായ ജയരാജ്-സബിത ദന്പതികളുടെ മകൻ അനുരാജാ(10)ണ് ഇടിമിന്നലിൽ ഗുരുതരമായി പരിക്കേറ്റ് മാസങ്ങളായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നത്. മേയ് 22നു ഇളയ സഹോദരൻ അതുൽ രാജിനൊപ്പം വീട്ടുമുറ്റത്തു കളിച്ചു കൊണ്ടിരിക്കുന്പോഴാണ് അനുരാജിന് ഇടിമിന്നലേറ്റത്.
തുടർന്ന് ചലനശേഷി നഷ്ടപ്പെട്ട അനുരാജിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മസ്തിഷ്കത്തിനു ഗുരുതര പരിക്കുള്ളതിനാൽ വിദഗ്ദ ചികിത്സ വേണമെന്നാണ് ഡോക്ടർമാർ പറയുന്നത്. എന്നാൽ തുടർചികിത്സക്ക് വകയില്ലാതെ വിധിയുടെ മുന്പിൽ പകച്ചു നിൽക്കുകയാണ് ഈ 10 വയസുകാരന്റെ അമ്മ സബിത.
മാസങ്ങൾക്ക് മുന്പ് മരണത്തിന്റെ രൂപത്തിലെത്തിയ ബസ് ഭർത്താവിന്റെ ജീവനെടുത്തപ്പോൾ തീർത്തും നിലാരംബയായ സബിത ജീവിതം ഇനി എങ്ങനെയെന്ന ചോദ്യത്തിനു മുന്നിൽ പകച്ചു നിൽക്കുന്നതിനിടെയാണ് ഇടിമിന്നലിൽ മൂത്ത മകന് ദുരന്തമുണ്ടായത്. പറവൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ് അനുരാജ്. സ്കൂൾ അധികൃതർ വിവരമറിഞ്ഞപ്പോൾ തന്നെ ഈ കുടുംബത്തെ സഹായിക്കാൻ മുന്നിലുണ്ടായിരുന്നു.
ഹെഡ്മാസ്റ്റർ ടി. കുഞ്ഞുമോൻ അസംബ്ലിയിൽ വാർത്ത അറിയിച്ചതോടെ പ്രിയപ്പെട്ട സഹപാഠിയുടെ ചികിത്സക്കായി പണം സമാഹരിക്കാനായി കുട്ടികൾ ഇറങ്ങിത്തിരിച്ചു. കരുണയുള്ളവർ ഇനിയും സഹായവുമായി എത്തുമെന്ന പ്രതീക്ഷയിലാണ് കുട്ടികളും, അനുരാജിന്റെ അമ്മയും. ഒരുലക്ഷം രൂപയെങ്കിലും സ്കൂളിൽ നിന്നും അധ്യാപകരുടെയും, രക്ഷകർത്താക്കളുടെയും സഹകരണത്തോടെ നൽകണമെന്നാണ് ആഗ്രഹമെന്നു ഹെഡ്മാസ്റ്റർ ടി. കുഞ്ഞുമോൻ പറഞ്ഞു.