കടുത്തുരുത്തി: ഇടിമിന്നലേറ്റു വീട് തകർന്നു. വീടിനുള്ളിലുണ്ടായിരുന്ന യുവതിക്ക് മിന്നലിൽ പരിക്കേറ്റൂ. കോതനല്ലൂർ ആലഞ്ചേരിൽ ജലജാ ശശിയുടെ വീടാണ് ഇടിമിന്നലിൽ തകർന്നത്. പുലർച്ചെ ഒന്നോടെയാണ് സംഭവം. ശക്തമായ ഇടിമിന്നലിൽ വീടിനകത്ത് ഉറങ്ങുകയായിരിന്ന ജലജയുടെ മകൾ അഞ്ജന (24) ക്ക് പരിക്കേറ്റു.
കൈയ്ക്കു മിന്നലേറ്റ അഞ്ജന ആശുപത്രിയിൽ ചികിത്സ തേടി. ശക്തമായ ഇടിമിന്നലിൽ വീടിന്റെ കരിങ്കൽ തറയും ഭിത്തിയും മുറിക്കുള്ളിലെ തറയും ടൈലുകളും ജനൽപാളികളുമെല്ലാം പൊട്ടിത്തെറിച്ചു. അലമാര, ഹോം തീയേറ്റർ, ഇലക്േട്രോണിക് ഉപകരണങ്ങൾ എന്നിവ മിന്നലേറ്റു തകർന്നു.
വൈദ്യുതി മീറ്ററും വയറിംഗുകളും പൂർണമായി കത്തി നശിച്ചു. സംഭവ സമയത്ത് കൂടുതലായി ഇടിമിന്നലേറ്റ ഭാഗത്ത് ആരുമില്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. ശശിയുടെ മരണശേഷം ജലജ യും മകളുമാണ് ഇവിടെയുള്ളത്. ഇരുവരും മറ്റൊരു മുറിയിലായിരുന്നു.
വീടിന്റെ തറ കെട്ടിയിരിക്കുന്ന കരിങ്കല്ലുകൾ ഇടിമിന്നലിൽ ഇളകിത്തെറിച്ചു. കരിങ്കൽ തറയ്ക്കു മിന്നലേറ്റ ഭാഗത്തെ മുറിയിലാണ് കൂടുതൽ നാശനഷ്ടമുണ്ടായിരിക്കുന്നത്. മുറിക്കുള്ളിലെ ടൈലുകൾ പൊട്ടിതെറിച്ച് അലമാരയിൽ പതിക്കുകയായിരുന്നു.
വില്ലേജ് ഓഫീസറെത്തി വീട്ടിൽ പരിശോധന നടത്തി. അഞ്ച് ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടമാണ് വീടിനുണ്ടായിരിക്കുന്നത്. ഇവരുടെ സമീപവാസികളായ കുര്യൻ എബ്രഹാം കടുന്താനത്ത്, ബാബു ആലഞ്ചേരിൽ എന്നിവരുടെ വീടുകൾക്കും മിന്നലിൽ നാശമുണ്ടായി. വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങളും നശിച്ചു.