ന്യൂഡൽഹി: കേരളം ഉൾപ്പടെ പത്തു സംസ്ഥാനങ്ങളിൽ ശനിയാഴ്ച മുതൽ മൂന്നു ദിവസത്തേക്ക് കൊടുങ്കാറ്റിനും കനത്ത ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഉത്തരേന്ത്യയിൽ കഴിഞ്ഞ ദിവസങ്ങളിൽ വീശിയടിച്ച കൊടുങ്കാറ്റിലും ശക്തമായ മിന്നലിലും നൂറുകണക്കിനാളുകൾ കൊല്ലപ്പെട്ടിരുന്നു. കേരളം, കർണാടക, പശ്ചിമ ബംഗാൾ, ഒഡീഷ, ആസാം, മേഘാലയ, മണിപ്പൂർ, നാഗാലാൻഡ്, ത്രിപുര സംസ്ഥാനങ്ങൾക്കാണ് കേന്ദ്ര കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പു നൽകിയിരിക്കുന്നത്. കൊടുങ്കാറ്റ് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയവും മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
കാലാവസ്ഥ കേന്ദ്രം ഇന്നലെ പുറത്തിറക്കിയ ഔദ്യോഗിക മുന്നറിയിപ്പിൽ ജമ്മു കാഷ്മീർ, ഹിമാചൽ പ്രദേശ്, ഹരിയാന, ചണ്ഡീഗഡ്, ഡൽഹി, പഞ്ചാബ്, ഉത്തർപ്രദേശ്, ജാർഖണ്ഡ്, രാജസ്ഥാൻ, വിദർഭ, ചത്തീസ്ഗഡ്, തെലുങ്കാന, ആന്ധ്രപ്രദേശ്, തെക്കൻ കർണാടക, തമിഴ്നാട്, കേരളം എന്നിവിടങ്ങളിൽ കനത്ത കാറ്റിനും ചിലയിടങ്ങളിൽ ശക്തമായ പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
കൊടും ചൂടിൽ വലഞ്ഞിരിക്കുന്നതിനിടെയാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കൊടുങ്കാറ്റും കനത്ത മഴയും ദുരിതം വിതച്ചെത്തിയത്. മണിക്കൂറിൽ നൂറു കിലോമീറ്റർ വരെ വേഗത്തിലാണു കാറ്റ് വീശിയടിച്ചത്. ഉത്തർപ്രദേശിന്റെ പല മേഖലകളിലും കനത്ത നാശനഷ്ടങ്ങളുണ്ടാക്കിയ കാറ്റ് രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും നാശം വിതച്ചു.
ഡൽഹിയിൽ വിമാന ഗതാഗത്തെയും കാറ്റ് പ്രതികൂലമായി ബാധിച്ചു. കേരളത്തിൽനിന്നും തമിഴ്നാട്ടിൽ നിന്നുമെത്തുന്ന തണുത്ത മഴമേഘങ്ങൾ കിഴക്കൻ രാജസ്ഥാനു മീതേ രൂപപ്പെട്ട ചെറിയ ന്യൂനമർദമേഖലയിലേക്ക് ഇരച്ചു കയറിയതോടെയാണ് അതിശക്തമായ പൊടിക്കാറ്റുണ്ടായത്.
രണ്ടു ദിവസത്തിനുള്ളിൽ കൊടുങ്കാറ്റിൽ പെട്ട് മരിച്ചവരുടെ എണ്ണം 124 ആയെന്നാണു കാലവസ്ഥ കേന്ദ്രം പ്രസ്താവനയിൽ അറിയിച്ചത്. ഉത്തർപ്രദേശ്- 73, രാജസ്ഥാൻ- 35, തെലുങ്കാന-8 എന്നിങ്ങനെയാണ് ആളുകൾ മരിച്ചിട്ടുള്ളത്.