ഇരിട്ടി: മഗ്രിബ് നിസ്കാരത്തിന് പള്ളിവക പാരിഷ് ഹാൾ തുറന്നുനൽകി വൈദികനും ദേവാലയ അധികൃതരും. എടൂർ സെന്റ് മേരിസ് ഫൊറോന പള്ളിയുടെ മെൻസാ ക്രിസ്റ്റി ഹാളാണ് ഫൊറോനാ വികാരി ഫാ .ആന്റണി മുതുകുന്നേലിന്റെ നേതൃത്വത്തിൽ മുസ്ലിം സഹോദരങ്ങൾക്കായി തുറന്നുനൽകി മതസൗഹാർദത്തിന്റെ ഉദാത്ത മാതൃക സൃഷ്ടിച്ചത്.
ആറളം പൗരാവലിയുടെ നേതൃത്വത്തിൽ പൗരത്വ ബില്ലിനെതിരേ ആറളത്തുനിന്ന് ചെടിക്കുളം വഴി എടൂരിലേക്ക് ലോംഗ് മാർച്ച് നടത്തിയിരുന്നു. സമാപനസ്ഥലമായ എടൂരിൽ മാർച്ച് എത്തിയപ്പോൾ രാത്രി ഏഴായി. മഗ്രിബ് നിസ്കാരത്തിനുള്ള സമയവുമായി.
നൂറുകണക്കിന് ഇസ്ലാം മതവിശ്വാസികളാണ് മാർച്ചിൽ അണിനിരന്നിരുന്നത്. മുസ്ലിം പള്ളി ഇല്ലാത്തതിനാൽ മാർച്ചിനു നേതൃത്വം നൽകിയവർ പള്ളിവക സ്കൂൾ മൈതാനം നിസ്കാരം നിർവഹിക്കാനായി അനുവദിക്കുമോയെന്ന് ഫൊറോനാ വികാരിയെ സമീപിക്കുകയായിരുന്നു.
മണ്ണും പൊടിയും നിറഞ്ഞ മൈതാനത്തിനു പകരം നിസ്കാരത്തിനായി പാരിഷ് ഹാൾ തുറന്നുനൽകുകയായിരുന്നു.