കുണ്ടറ: വിഷയ പഠനത്തിന്റെ ആഴത്തിൽ നിന്നും ആഴത്തിലേക്കുള്ള മനസിന്റെ നീക്കമാണ് ഉന്നത വിദ്യാഭ്യാസമെന്ന് മന്ത്രി സി. രവീന്ദ്രനാഥ്. കുണ്ടറ ജോസ്കുട്ടി ഫൗണ്ടേഷനും കുണ്ടറ വേണൂസ് കോളജും ചേർന്നൊരുക്കിയ ജാലകം പദ്ധതിയുടെ ഭാഗമായി നടന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അധ്യക്ഷത വഹിച്ചു.
അറിവിന്റെ കരകാണാകടലിൻ അടിത്തട്ടിലെത്തി ആരും കാണാത്ത മുത്തുമായി പൊങ്ങി ഒരാൾ കരയ്ക്കെത്തുമ്പോഴാണ് ഉന്നത വിദ്യ ലഭ്യമാക്കുന്നത്. ഉന്നതപഠനം ഒരു കലയാണ്. പാഠക്കുറിപ്പുകൾ മനപ്പാഠമാക്കുന്നതല്ല ഉന്നത പഠനത്തിന്റെ സ്വഭാവം.
വിജ്ഞാനമേഖലയിലെ വിലപ്പെട്ട ഗ്രന്ഥങ്ങളിലൂടുള്ള അന്വേഷണമാണ് ഉന്നതപഠന ത്തിനാധാരം. നല്ല മനുഷ്യനെ സൃഷ്ടിക്കലാണ് വിദ്യാഭ്യാസം കൊണ്ട് ഉദ്ദേശിക്കുന്നത്. മരക്കട്ടയിൽ നിന്നും ആനയ്ക്കില്ലാത്ത ഭാവങ്ങളെ വെട്ടി മാറ്റിയാൽ ഒരുവൻ ഉത്തമ മനുഷ്യനാകുമെന്നും മന്ത്രി പറഞ്ഞു.
യുജിസി ഫെലോഷിപ്പ് ജേതാവ് സി. ശരണ്യയെ മന്ത്രി മൊമന്റോ നൽകി അനുമോദിച്ചു. ഉപരിപഠനത്തിനും തൊഴിൽ സാധ്യതയ്ക്കും ഉതകുന്ന വ്യത്യസ്തമായ കോഴ്സുകളെ ക്കുറിച്ചും സ്ഥാപനങ്ങളെക്കുറിച്ചും വിവരിക്കുന്ന കൈപ്പുസ്തകം സെമിനാറിൽ പങ്കെടുത്ത അഞ്ഞൂറിലധികം പ്ലസ്ടു വിജയിച്ച വിദ്യാർഥികൾക്ക് വിതരണം ചെയ്തു.
തിരുവനന്തപുരം സിവിൽ സർവീസ് അക്കാദമി കോ–ഓർഡിനേറ്റർ ശങ്കരൻകുട്ടി സെമിനാർ നയിച്ചു. കരിക്കോട് ടികെഎം എൻജിനീയറിംഗ് കോളജ് പ്രിൻസിപ്പൽ ഡോ. എസ്. അയൂബ്, വേണൂസ് കോളജ് ഡയറക്ടർ ആർ. വേണു, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. സന്തോഷ്, ഫൗണ്ടേഷൻ സെക്രട്ടറി എസ്.എൽ.സജികുമാർ എന്നിവർ പ്രസംഗിച്ചു.