മലപ്പുറം: പൊതുവിദ്യാഭ്യാസത്തെ കാവിവത്കരിക്കാൻ കേന്ദ്ര സർക്കാരും ചുവപ്പാക്കാൻ സംസ്ഥാന സർക്കാരും ശ്രമിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ നീക്കത്തെ ഒറ്റക്കെട്ടായി ചെറുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലപ്പുറത്ത് നടക്കുന്ന കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെപിഎസ്ടിഎ) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് വിദ്യാഭ്യാസ മേഖല കുത്തഴിഞ്ഞിരിക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത് നിയമന നിരോധനമാണിപ്പോൾ. രാജ്യത്ത് ഏകീകൃത സിലബസ് വന്നാൽ സർക്കാർ – അണ്എയ്ഡഡ് അന്തരം ഇല്ലാതാക്കാൻ കഴിയും. കുട്ടികൾ സർക്കാർ സ്കൂളുകളിലെത്തും. സർക്കാർ ഹൈസ്കൂളിൽ പ്രധാനാധ്യാപക തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എല്ലാ ശരിയാക്കുമെന്നു പറഞ്ഞ് അധികാരത്തിലേറിയെ പിണറായി സർക്കാർ മൂന്നിയൂർ സ്കൂളിലെ അധ്യാപകനായിരുന്ന അനീഷ് മാസ്റ്ററുടെ ആത്മഹത്യയെ തുടർന്നു പിതാവ് നല്കിയ പരാതിക്കു കടലാസിന്റെ വില പോലും നല്കിയില്ല. കേരളത്തിന്റെ വിദ്യാഭ്യാസം സംബന്ധിച്ചു സർക്കാരിനു കാഴ്ചപ്പാടില്ല. പൊതുജനതാത്പര്യത്തിനും വിദ്യാർഥികൾക്കും അധ്യാപകർക്കുമെതിരേ പ്രവർത്തിച്ചാൽ ശക്തമായി നേരിടും. കഴിഞ്ഞ സർക്കാരിന്റെ പേ കമ്മീഷൻ റിപ്പോർട്ടിൽ മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകൾ നല്കാൻ യുഡിഎഫിന് കഴിഞ്ഞിരുന്നു.
തലമുറകളെ രാജ്യത്തിനു വേണ്ടി തയാറാക്കുന്നവരാണ് അധ്യാപകർ. അതുകൊണ്ടുതന്നെ ആനൂകൂല്യം നല്കേണ്ടതു സർക്കാരിന്റെ കടമയാണ്.കെപിഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് പി. ഹരിഗോവിന്ദൻ അധ്യക്ഷനായിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി എം. സലാഹുദ്ദീൻ, ഡിസിസി പ്രസിഡന്റ് വി.വി. പ്രകാശ്, ഇ. മുഹമ്മദ് കുഞ്ഞി, വീക്ഷണം മുഹമ്മദ്, എ.കെ. അബ്ദുസമദ്, പി.ടി. അജയ്മോഹൻ തുടങ്ങിയവർ പ്രസംഗിച്ചു.