കൊച്ചി: ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനായി ലൈംഗിക ബോധവത്കരണം ഉള്‍പ്പെടുത്തി പാഠ്യപദ്ധതി ഉടന്‍ പരിഷ്കരിക്കണമെന്ന് ഹൈക്കോടതി.
സംസ്ഥാന സര്‍ക്കാരിനോടും സിബിഎസ്ഇയോടും രണ്ട് മാസത്തിനുള്ളില്‍ പാഠ്യപദ്ധതി പരിഷ്കരിക്കണമെന്നാണ് നിര്‍ദേശം.
സര്‍ക്കാരിനു കീഴിലുള്ള എല്ലാ സ്കൂളുകളിലും വിദ്യാര്‍ഥികളുടെ പ്രായത്തിനനുസരിച്ച് പദ്ധതി നടപ്പാക്കണം. പദ്ധതി നടപ്പാക്കുന്നതിന് വിദഗ്ധസമിതി രൂപവത്കരിക്കണമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റീസ് ബച്ചു കുര്യന് തോമസിന്റേതാണ് ഉത്തരവ്.
ഭരണഘടന നല്കുന്ന വിദ്യാഭ്യാസത്തിനുള്ള അവകാശംപോലെതന്നെയാണ് ലൈംഗിക വിദ്യാഭ്യാസവും. ലൈംഗിക പീഡനങ്ങള്‍ക്ക് വിധേയരാകുന്ന ഇരകളുടെ ശബ്ദം ഉയരേണ്ടതുണ്ട്.
ഇത്തരത്തില്‍ ഇരകള്‍ക്ക് ശബ്ദം ഉയര്‍ത്താന്‍ കഴിയുന്ന തരത്തിലുള്ള വിദ്യാഭ്യാസമാണ് നല്‍കേണ്ടത്. ലൈംഗിക പീഡനങ്ങള്‍ക്ക് ഇരകളാക്കപ്പെടുന്നവരുടെ ശബ്ദം തടയരുത്.
വിദ്യാര്‍ഥികളെ ഇത്തരത്തില്‍ ശക്തീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.പാഠ്യപദ്ധതിയില്‍ ലൈംഗിക വിദ്യാഭ്യാസം വിഷയമായി ഉള്‍പ്പെടുത്താൻ അമേരിക്കയിലെ എറിന്‍സ് നിയമം മാര്ഗരേഖയാക്കാം.
എൽകെജി മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതു തടയുന്നതിനായി പ്രതിരോധ മാര്‍ഗങ്ങള്‍ പുസ്തകങ്ങളിലൂടെ പഠിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നതാണ് എറിന്‍സ് നിയമം.
വൈകാരികമായ ബന്ധങ്ങളിലൂടെ യുവതികളെ ലൈംഗിക പീഡനങ്ങള്‍ക്ക് വിധേയമാക്കുന്നുണ്ടെന്നും ലൈംഗിക കുറ്റകൃത്യങ്ങളെക്കുറിച്ച് യുവാക്കള്‍ക്ക് വേണ്ടത്ര അവബോധമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വിവിധ ഹര്‍ജികള്‍ പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്.