നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ്
താങ്കൾ ജീവിതപങ്കാളിക്കോ മക്കൾക്കോവേണ്ടി വിദ്യാഭ്യാസവായ്പ എടുത്തിട്ടുണ്ടെങ്കിൽ അതിന്റെ പലിശയ്ക്ക് ആദായനികുതിയിൽനിന്നു പൂർണമായ ഒഴിവു ലഭിക്കുന്നതാണ്. ആദായനികുതിനിയമത്തിലെ 80 ഇ വകുപ്പനുസരിച്ചാണിത്. വ്യക്തികൾക്കു മാത്രമാണ് ഈ ഒഴിവു നല്കുന്നത്. ഹിന്ദു അവിഭക്ത കുടുംബത്തിനും മറ്റു നികുതിദായകർക്കും ഈ കിഴിവ് ലഭ്യമല്ല. ബാങ്കിലേക്ക് പലിശയിനത്തിൽ അടച്ച തുകയ്ക്കു മാത്രമാണ് കിഴിവു ലഭിക്കുക. മുതലിന്റെ തിരിച്ചടവിന് കിഴിവൊന്നും ലഭിക്കില്ല.
നികുതിക്കു വിധേയമായ വരുമാനത്തിൽനിന്ന് അടച്ച പലിശയ്ക്കാണ് നികുതിയിൽനിന്ന് ഒഴിവു നല്കുന്നത്. നികുതിയൊഴിവുള്ള വരുമാനത്തിൽനിന്നടച്ച പലിശയ്ക്ക് കിഴിവു ലഭിക്കില്ല. ബാങ്കിൽനിന്നോ ഇതര സാന്പത്തിക സ്ഥാപനങ്ങളിൽനിന്നോ അംഗീകാരം ലഭിച്ച ചാരിറ്റബിൾ സ്ഥാപനങ്ങളിൽനിന്നോ ലഭ്യമായ വായ്പയുടെ പലിശയുടെ അടവിന് കിഴിവു ലഭിക്കുന്നതാണ്. ഹയർ സെക്കൻഡറിക്കു ശേഷം എല്ലാ ഉപരിപഠനത്തിനുമുള്ള വായ്പയുടെ പലിശയ്ക്കു കിഴിവു ലഭിക്കും.
ബന്ധുക്കളിൽനിന്നോ കൂട്ടുകാരിൽനിന്നോ വായ്പയെടുത്ത് അതിനു പലിശ കൊടുത്താൽ പ്രസ്തുത പലിശയ്ക്ക് നികുതിയിളവ് ഇല്ല. ഇന്ത്യക്കു വെളിയിലുള്ള അംഗീകൃത ഉപരിപഠനത്തിനുള്ള വായ്പയ്ക്കും പലിശയിളവ് ലഭ്യമാണ്.
സീനിയർ സെക്കൻഡറി വിദ്യാഭ്യാസത്തിനുശേഷം ഗവണ്മെന്റിന്റെ അംഗീകാരം കിട്ടിയിട്ടുള്ള എല്ലാ വൊക്കേഷണൽ സ്റ്റഡീസിനും വിദ്യാഭ്യാസ വായ്പയ്ക്ക് അർഹതയും ആ വായ്പയുടെ പലിശയുടെ അടവിന് നികുതിയിൽനിന്ന് ഒഴിവും ഉള്ളതാണ്. വ്യക്തികൾ ലീഗൽ ഗാർഡിയൻ ആയിട്ടുള്ള ബന്ധുക്കൾക്കുവേണ്ടിയുള്ള വിദ്യാഭ്യാസ വായ്പയുടെ പലിശയ്ക്കും 2009-10 സാന്പത്തികവർഷം മുതൽ നികുതിയിളവ് ലഭിക്കുന്നുണ്ട്.
വിദ്യാഭ്യാസ വായ്പയുടെ പലിശയുടെ അടവ് തുടങ്ങുന്ന നാൾ മുതൽ എട്ടു വർഷത്തേക്കോ വായ്പ പൂർണമായി തിരിച്ചടയ്ക്കുന്നതു വരെയോ, ഏതാണോ ആദ്യം വരുന്നത്, പ്രസ്തുത വർഷം വരെ മാത്രമേ പലിശയുടെ നികുതി ആനുകൂല്യം ലഭിക്കുകയുള്ളൂ. തിരിച്ചടവ് തുടങ്ങി ആറു വർഷത്തിനകം മുതലും പലിശയും അടച്ചുതീർത്തു എന്നു വിചാരിക്കുക, അങ്ങനെയുള്ള സാഹചര്യത്തിൽ അടച്ച വർഷങ്ങളിലെ മുഴുവൻ പലിശയ്ക്കും നികുതിയിൽനിന്ന് ഇളവ് ലഭിക്കും. എന്നാൽ, തിരിച്ചടവ് തുടങ്ങി പത്തു വർഷംകൊണ്ടാണ് പലിശ അടച്ചുതീർക്കുന്നതെങ്കിൽ അവസാനത്തെ രണ്ടു വർഷത്തെ പലിശയുടെ അടവിന് നികുതി ഒഴിവ് ലഭിക്കില്ല. തിരിച്ചടവ് തുടങ്ങിയ വർഷം മുതലാണ് എട്ടു വർഷം കണക്കുകൂട്ടുന്നത്.
വിദ്യാഭ്യാസവായ്പയുടെ പലിശയ്ക്കു കിഴിവു ലഭിക്കണമെങ്കിൽ വായ്പ എടുക്കുന്നത് സ്വന്തം പേരിലായിരിക്കണം. ഉദാഹരണത്തിന്, മാതാപിതാക്കൾ എടുത്ത വായ്പയുടെ പലിശ മക്കൾ അടച്ചാൽ മക്കൾക്കു കിഴിവ് ലഭിക്കില്ല. അതുപോലെ മക്കളുടെ പേരിൽ വിദ്യാഭ്യാസവായ്പ എടുത്തിട്ട് മാതാപിതാക്കൾ പലിശ അടച്ചാലും അവയ്ക്കും കിഴിവ് ലഭിക്കുകയില്ല. വിദ്യാഭ്യാസവായ്പ എടുക്കുന്ന പണം ട്യൂഷൻ ഫീസ് കൊടുക്കാൻ മാത്രമല്ല ഉപയോഗിക്കുന്നത്. ഉന്നതവിദ്യാഭ്യാസത്തിനുവേണ്ടി ചെലവാകുന്ന എല്ലാ പണത്തിനും (ഹോസ്റ്റൽ ഫീസും വഴിച്ചെലവും മറ്റ് അനുബന്ധ ചെലവുകളും) വായ്പ എടുക്കാവുന്നതും എടുക്കുന്ന വായ്പയുടെ മുഴുവൻ പലിശയുടെയും അടവിനും നികുതി ഒഴിവ് ലഭിക്കുന്നതുമാണ്.
എന്നാൽ, ഭവനവായ്പയുടെ മുതൽ തിരിച്ചടയ്ക്കുന്പോൾ 80 സി വകുപ്പനുസരിച്ച് ലഭിക്കുന്ന നികുതിയിളവ് വിദ്യാഭ്യാസവായ്പയുടെ മുതലിന്റെ തിരിച്ചടവിനു ബാധകമല്ല. വിദ്യാഭ്യാസവായ്പയുടെ പലിശയ്ക്കു കിഴിവ് ലഭിക്കണമെങ്കിൽ വായ്പ തരപ്പെടുത്തിയ സ്ഥാപനത്തിൽനിന്നും (ബാങ്കോ ഇതര ധനകാര്യ സ്ഥാപനമോ /ചാരിറ്റബിൾ സ്ഥാപനമോ) മുതലും പലിശയും തിരിച്ചടച്ചതിനുള്ള ഒരു സർട്ടിഫിക്കറ്റ് ആവശ്യമാണ്. ഓരോ വർഷത്തേക്കുമുള്ള മുതലിന്റെയും പലിശയുടെയും അടവ് പ്രത്യേകമായി ഇതിൽ സൂചിപ്പിച്ചിരിക്കണം.
നികുതി ആനുകൂല്യം ലഭിക്കുമെന്നു കരുതി ബാങ്കുകൾ വായ്പ തരണമെന്നില്ല. വായ്പ തരുന്നത് ബാങ്കിന്റെ നിബന്ധനകൾക്കു വിധേയമായും മുതലിന്റെയും പലിശയുടെയും തിരിച്ചടവിനുള്ള കഴിവും – വിദ്യാഭ്യാസത്തിനു ശേഷം ലഭിക്കുന്ന ജോലിയുടെ ശന്പളത്തിന്റെ തോതും ഇഎംഐയും (മുതലും പലിശയും ചേർത്തുള്ള തിരിച്ചടവിന്റെ ഇൻസ്റ്റാൾമെന്റ് തുക) കണക്കുകൂട്ടിയാണ്.
പലിശയുടെ ആനുകൂല്യം ലഭ്യമാകണമെങ്കിൽ വിദ്യാഭ്യാസവായ്പയായി തന്നെ ബാങ്കിൽനിന്ന് വായ്പ എടുക്കണം. അല്ലാത്ത പേഴ്സണൽ ലോണ് എടുത്ത് വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഉപയോഗിച്ചാൽ നികുതിയിളവ് ലഭിക്കില്ല. പേഴ്സണൽ ലോണിൽ വായ്പയുടെ കാരണമായി വിദ്യാഭ്യാസം എന്നു സൂചിപ്പിച്ചെന്നു കരുതി അത് വിദ്യാഭ്യാസ വായ്പ ആകണമെന്നില്ല. കൂടാതെ, കുട്ടികളുടെ വിദ്യാഭ്യാസത്തിനായി മാതാപിതാക്കളുടെ പേരിൽ വായ്പയെടുക്കുന്പോൾ കുട്ടികളുടെ എണ്ണത്തിനും വായ്പയുടെ എണ്ണത്തിനും പ്രസക്തി ഇല്ല. ഉദാഹരണത്തിന് മൂന്നു കുട്ടികൾ ഉണ്ടെങ്കിൽ മൂന്നു പേർക്കു വേണ്ടിയും ലോണ് എടുത്താലും അവയുടെ മുഴുവൻ പലിശയുടെയും അടവിന് നികുതിയിളവ് ലഭ്യമാണ്.