റാന്നി: പ്രകൃതിയെ സ്നേഹിക്കുന്ന ഒരു തലമുറയെ വാർത്തെടുക്കുകയെന്നത് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമാകണമെന്ന് മന്ത്രി പ്രഫ.സി. രവീന്ദ്രനാഥ്. റാന്നിയിൽ ക്നാനായ കോണ്ഗ്രസിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന 1672ാമത് സിറിയൻക്നാനായ വാർഷിക സംഗമം സെന്റ് തോമസ് വലിയ പള്ളിയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.എല്ലാവരെയും തന്നെപ്പോലെതന്നെ സ്നേഹിക്കുകയെന്ന മഹത്തായ ബൈബിൾ വചനമാണ് തന്റെ അയൽക്കാരൻ ആരാണ് എന്ന അന്വേഷണത്തിലൂടെ തനിക്കു ലഭിച്ചതെന്ന് മന്ത്രി പറഞ്ഞു.
മനുഷ്യനെ മാത്രമല്ല, താനുൾപ്പെടുന്ന പ്രകൃതിയെയും ജീവജാലങ്ങളെയും സ്നേഹിക്കാൻ മതങ്ങൾ പഠിപ്പിക്കുന്നു. പ്രകൃതിയുടെ നിലനില്പിനെക്കുറിച്ച് മനുഷ്യൻ കൂടുതൽ ബോധവാൻമാരാകണം. വിദ്യാഭ്യസത്തിലൂടെ ഇതു സാധ്യമാകണമെന്നും മന്ത്രി പറഞ്ഞു. മനുഷ്യനെ മനുഷ്യനാക്കി മാറ്റുന്ന പ്രക്രിയയാണ് വിദ്യാഭ്യാസം. മാനവികതയാകണം വിദ്യാഭ്യാസത്തിന്റെ മുഖമുദ്രയെന്നും മന്ത്രി പറഞ്ഞു.
കുര്യാക്കോസ് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ആർച്ച് ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത, കുര്യാക്കോസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്ത എന്നിവർ അനുഗ്രഹപ്രഭാഷണങ്ങൾ നടത്തി. രാജു ഏബ്രഹാം എംഎൽഎ, ഫാ.അനിൽ കെ.തോമസ് കൊന്നയ്ക്കൽ, പ്രഫ.ഏബ്രഹാം പുന്നൂസ്, ഷെവ.പ്രസാദ് കോയിക്കൽ, സ്മിജു ജേക്കബ്, കെ.കെ. ഏബ്രഹാം എന്നിവർ പ്രസംഗിച്ചു. ഫാ.രാജൻ ഏബ്രഹാം കുളമടയിൽ സ്വാഗതവും ടി.സി. അനീഷ് നന്ദിയും പറഞ്ഞു.ഇന്നു വൈകുന്നേരം 5.30ന് മതസൗഹാർദ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.