തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയിൽ വാരിക്കോരി മാർക്ക് നൽകുന്നതിനെ വിമർശിച്ചുകൊണ്ടുള്ള തന്റെ ശബ്ദരേഖ പുറത്തുവന്നതിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് ഇന്ന് വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോർട്ട് നൽകിയേക്കും. അക്ഷരം കൂട്ടിവായിക്കാനറിയാത്ത കുട്ടികൾക്കു പോലും എ പ്ലസ് ലഭിക്കുന്നുണ്ടെന്നു എസ്. ഷാനവാസ് വിമർശിച്ചിരുന്നു. എസ്എസ്എൽസി ചോദ്യപ്പേപ്പർ തയാറാക്കുന്ന അധ്യാപകർക്കായി കഴിഞ്ഞ മാസം സംഘടിപ്പിച്ച ശിൽപശാലയ്ക്കിടെയായിരുന്നു പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ വിമർശനം.
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പേരിൽ പ്രചരിക്കുന്ന ശബ്ദരേഖയിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി റിപ്പോർട്ട് തേടിയിരുന്നു. കുട്ടികളുടെ പഠനനിലവാരം സംബന്ധിച്ച ശബ്ദരേഖ ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ടെന്നും ഡിജിഇ പറഞ്ഞത് സർക്കാർ അഭിപ്രായം അല്ലെന്നുമാണ് മന്ത്രി പ്രതികരിച്ചത്.
അതേസമയം എസ്. ഷാനവാസിന്റെ ശബ്ദരേഖ പുറത്തുവന്നതിൽ അദ്ദേഹത്തോട് തന്നെ റിപ്പോർട്ട് തേടിയതിൽ അധ്യാപക സംഘടനകൾക്ക് എതിർപ്പുണ്ട്. ഭരണപക്ഷാനുകൂല അധ്യാപകരെ ഉൾപ്പെടുത്തി നടത്തിയ യോഗത്തിൽ ഡിജിഇ നടത്തിയ സംഭാഷണം പുറത്താക്കിയത് ആരാണെന്ന് അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് അനുകൂല അധ്യാപക സംഘടന ആവശ്യപ്പെട്ടു.
ചോദ്യപേപ്പർ തയാറാക്കാൻ രൂപീകരിച്ച പാനലിൽ പോലും പൂർണമായും ഇടത് അനുഭാവികളെയാണ് ഉൾക്കൊള്ളിച്ചതെന്നും ഇവർക്കിടയിലെ പടലപിണക്കമാണോ ശബ്ദരേഖ ചോരാൻ ഇടയായതെന്നും കണ്ടെത്തേണ്ടതുണ്ടെന്നും ഇവർ പറയുന്നു.
ഷാനവാസിനെതിരേ എസ്എഫ്ഐയും രംഗത്തെത്തി. ഷാനവാസിന്റെ അഭിപ്രായം വസ്തുതാ വിരുദ്ധമാണെന്ന് എസ്എഫ്ഐ വിമർശിച്ചു. വസ്തുതകളുടെ വെളിച്ചത്തില്‍ തന്റെ അഭിപ്രായം തിരുത്താന്‍ അദ്ദേഹം തയാറാവണമെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ, സെക്രട്ടറി പി.എം. ആര്‍ഷോ എന്നിവര്‍ ആവശ്യപ്പെട്ടു.
‘എ പ്ലസും, എ ഗ്രേഡും നിസാരമല്ല, ഇത് കുട്ടികളോടുള്ള ചതിയാണ്. സ്വന്തം പേര് എഴുതാനറിയാത്തവർക്ക് പോലും എ പ്ലസ് നൽകുന്നു. കേരളത്തെ ഇപ്പോൾ കൂട്ടിക്കെട്ടുന്നത് ബിഹാറുമായാണ്. യൂറോപ്പിലെ ഏറ്റവും മികച്ച വിദ്യാഭ്യാസവുമായി താരതമ്യം ചെയ്യുന്നിടത്തുനിന്നാണ് ഈ അവസ്ഥയിലേക്ക് എത്തിയത് ’’- പുറത്തുവന്ന ശബ്ദരേഖ പറയുന്നു.