കൊച്ചി: സംസ്ഥാനത്ത് വിദ്യാർഥി സംഘടനകൾ നടത്തുന്ന വിദ്യാഭ്യാസ ബന്ദും ക്ലാസ് ബഹിഷ്കരണവും നിരോധിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ സംസ്ഥാന സർക്കാരടക്കമുള്ള എതിർ കക്ഷികൾക്കു നോട്ടീസ് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു.
കൊല്ലം ജില്ലയിലെ സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളുടെ കൂട്ടായ്മയാണു ഹർജി നൽകിയത്. കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ ബന്ദുമായി ബന്ധപ്പെട്ട് സർക്കാർ വിശദീകരണം നൽകണമെന്നും ചീഫ് ജസ്റ്റീസ് ഋഷികേശ് റോയ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കാന്പസ് രാഷ്ട്രീയം നിരോധിക്കാൻ സർക്കാരിനു നിർദേശം നൽകണം, കൊല്ലം ജില്ലയിലെ സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളുടെ പ്രവർത്തനം തടസപ്പെടാതിരിക്കാൻ നടപടി സ്വീകരിക്കണം, നിവേദനം പരിഗണിക്കാൻ സർക്കാരിനോടു നിർദേശിക്കണം എന്നീ ആവശ്യങ്ങളും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്.
വിദ്യാർഥി സംഘടനകൾ പ്രഖ്യാപിക്കുന്ന വിദ്യാഭ്യാസ ബന്ദുകൾ സ്കൂളുകളുടെയും കോളജുകളുടെയും പ്രവർത്തനം തടസപ്പെടുത്തുന്നുവെന്ന് ഹർജിയിൽ പറയുന്നു. എസ്എഫ്ഐ, കഐസ്യു, എബിവിപി, എഐഎസ്എഫ് തുടങ്ങിയ വിദ്യാർഥി സംഘടനകൾക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.