പേരാമ്പ്ര : കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗം സംരക്ഷിച്ചു കൊണ്ട് ലോകത്തെ വിസ്മയിപ്പിക്കുന്ന പ്രതിഭളെ വാർത്തെടുക്കലാണ് സർക്കാർ ലക്ഷ്യംവയ്ക്കുന്നതെന്ന് വിദ്യാഭ്യാസ മാന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്.
വാല്യക്കോട് എയുപി സ്കൂൾ പുതുതായി നിർമിച്ച ബഹുനില കെട്ടിടത്തിന്റെയും ഹൈടെക് ക്ലാസ്റൂമുകളുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഒരു ഗ്രാമത്തിന്റെ ഹൃദയമാണ് ആപ്രദേശത്തെ സ്കൂൾ.നമ്മൾ ഹൃദയത്തെ കാക്കുന്നത് പോലെ പൊതു വിദ്യാലയങ്ങൾ സംരക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രി ടി.പി രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മുഴുവൻ സ്കൂളുകളിലെയും എല്ലാ ക്ലാസുകളിലും ലൈബ്രറി സംവിധാനം ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു.
കെ. മുരളീധരൻ എംപി യുടെ സന്ദേശം ചടങ്ങിൽ വായിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ അജിത കൃഷ്ണകുളങ്ങര, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം. കുഞ്ഞിക്കണ്ണൻ എന്നിവർ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർഥികൾക്കുള്ള ഉപഹാര സമർപ്പണം നടത്തി.
സ്കൂളിൽ നിന്നും വിരമിക്കുന്ന അധ്യാപകരായ പി.പി മുഹമ്മദ് ബഷീർ, എം.ടി. രമണി, വി. ജയശ്രീ, ടി.കെ വിജയൻ എന്നിവർക്കുള്ള ഉപഹാര സമർപ്പണം മാനേജർ കെ. സി. ബാലകൃഷ്ണൻ നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ് സി രഞ്ജിനി റിപ്പോർട്ട് അവതരിപ്പിച്ചു.
പി.എൻ. ശാരദ, കെ.ടി. ബി. കൽപത്തൂർ, കെ.സി ബാബുരാജ്, മുനീർ എരവത്ത്, ചെരിപ്പേരി മൂസ ഹാജി, ശശി അമ്പാളി, വി. ടി. സിന്ധു, എം.ടി ബാലൻ സി. ബാബുരാജ് , പി. അബ്ദുറഹ്മാൻ എന്നിവര്‍ പ്രസംഗിച്ചു.