പത്തനംതിട്ട: വിദ്യാഭ്യാസത്തിനും തൊഴിലിനുമായി ആളുകളെ കയറ്റി അയക്കുന്ന സംസ്ഥാനമായി കേരളം മാറിയെന്ന് എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെളളാപ്പളളി. എസ്എൻഡിപി യോഗം പത്തനംതിട്ട യൂണിയൻ കൺവൻഷന്റെ ഭാഗമായി നടന്ന മെറിറ്റ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ അടിസ്ഥാന വിദ്യാഭ്യാസം നേടുന്നവർ ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനുമായി അയൽ സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കു പോകുകയാണ്. നാട്ടിൽ തൊഴിലിന് അവസരങ്ങളില്ലാത്തത് കൊണ്ടാണ് മലയാളികൾ നാടു വിടുന്നതെന്നതാണ് യാഥാർഥ്യം.
വിദ്യാർഥികളെ തങ്ങളുടെ ചട്ടുകങ്ങളാക്കാനാണ് കേരളത്തിലെ രാഷ്ട്രീയപാർട്ടികൾ ശ്രമിക്കുന്നത്. വെളളം കോരാനും തല്ലുകൊളളാനും രാഷ്ട്രീയക്കാർ വിദ്യാർഥികളെയാണ് മുന്നിൽ നിർത്തുന്നത്. ഈ പ്രവണത അവസാനിപ്പിച്ച് ഉന്നതവിദ്യാഭ്യാസവും തൊഴിലവസരവും ഉറപ്പുവരുത്താനാണ് സർക്കാരും രാഷ്ട്രീയ നേതൃത്വങ്ങളും ശ്രമിക്കേണ്ടതെന്ന് തുഷാർ പറഞ്ഞു.
എസ്എൻഡിപി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡി. അനിൽകുമാർ, യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ്, പിന്നോക്ക വിഭാഗ വികസന വകുപ്പ് മുൻ ഡയറക്ടർ വി.ആർ. ജോഷി, യോഗം കൗൺസിലർ എബിൻ ആമ്പാടിയിൽ, അസിസ്റ്റന്റ് സെക്രട്ടറി ടി.പി. സുന്ദരേശൻ തുടങ്ങിയവർ പ്രസംഗിച്ചു.