കൊല്ലം : വിദ്യാഭ്യാസ വായ്പ എടുത്ത ഉദ്യോഗാർഥികളുടെ ഭാവിയെ തകർക്കുന്ന ബാങ്കുകളുടെ സിവിൽ നിയമം പിൻവലിക്കണമെന്ന് വിദ്യാഭ്യാസ വായ്പാ ഉപഭോക്താക്കളുടെ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് കേരള എഡ്യൂക്കേഷണൽ ലോണ്‍ ഹോൾഡേഴ്സ് വെൽവെയർ ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് എൻ.എസ്. വിജയൻ ആവശ്യപ്പെട്ടു.
സർക്കാരിന്റെ വയ്പ ആനൂകൂല്യം നേടി വായ്പ മുഴുവൻ തിരിച്ചടച്ചവരേയും ബാങ്കുകൾ സിവിൽ എന്ന കരിനിയമം ഉപയോഗിച്ച് കെണിയിൽ പെടുത്തിയിരിക്കുന്നത്. ഇതുമൂലം സ്വയം തൊഴിൽ കണ്ടെത്താൻ പോലും കഴിയാത്ത സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണെന്ന് എൻ. എസ്. വിജയൻ പറഞ്ഞു.
പാൻകാർഡ്, ആധാർ കാർഡ് എന്നിവ യഥാസമയം ഹാജരാക്കാൻ കഴിയാതെ വന്നതുമൂലം ലക്ഷക്കണക്കിന് വായ്പ ഉപഭോക്താക്കൾക്ക് സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യം ലഭിച്ചില്ല. വായ്പാ തിരിച്ചടവിൽ സർക്കാർ പ്രഖ്യാപിച്ച ആശ്വാസ പദ്ധതിയുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും ധനകാര്യമന്ത്രിക്കും നിവേദനം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിൽ ജില്ലാ സെക്രട്ടറി ടി. സതീഷ്കുമാർ അധ്യക്ഷത വഹിച്ചു. പേരൂർ സജീവ്, പെരുങ്കുളം സുരേഷ്, കുരീപ്പുഴ ഷാനവാസ്, ഷാജഹാൻ, കലയപുരം വൈ. രാജു, വേണുഗോപാൽ, ഡോ. അനിമോൾ തുടങ്ങിയവർ പ്രസംഗിച്ചു.