ജിബിൻ കുര്യൻ
കോട്ടയം: പൊതു ഇടങ്ങളിൽ എയർകണ്ടീഷൻ ഉപയോഗിക്കുന്ന അവസരത്തിൽ വായുവിൽ കൂടി കോവിഡ് പകരുന്ന സാഹചര്യം ഇല്ലാതാക്കാൻ വിപ്ലകരമായ കണ്ടുപിടുത്തവുമായി കോട്ടയം സ്വവദേശികളായ രണ്ട് എൻജിനീയർമാർ.
ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനിയേഴ്സ് ഇന്ത്യയുടെ കേരള സംസ്ഥാന ഇലക്ട്രിക്കൽ ഡിവിഷന്റെ എക്സിക്യൂട്ടീവ് അംഗമായ കോട്ടയം ചിങ്ങവനം ഒറ്റപ്ലാക്കൽ ഷാജി ജേക്കബും പാലാ മുത്തോലി കളത്തിപ്പുല്ലാട്ട് ടോണി ജോസഫുമാണ് പ്യൂറോസോൾ യുവിസി ഡിസിൻഫെക്ഷൻ സിസ്റ്റം എന്ന നൂതന സാങ്കേതിക വിദ്യ കണ്ടുപിടിച്ചിരിക്കുന്നത്.
കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സിഎസ്ഐആറും സിഎസ്ഐഒയും കോവിഡ് പ്രതിരോധ മാർഗമെന്ന നിലയിൽ ഇവരുടെ കണ്ടുപിടുത്തത്തിന് അംഗീകാരം നൽകി.
ഈരാറ്റുപേട്ടയിലെ സ്വകാര്യ ടൂറിസ്റ്റ് എസി ബസിൽ അടുത്ത ദിവസം പ്യൂറോ സോൾ ലോഞ്ച് ചെയ്യപ്പെടും.
തിയറ്ററുകൾ, മാളുകൾ, ജ്വല്ലറി, ടെക്സ്റ്റൈയിൽ, ഓഡിറ്റോറിയങ്ങൾ, എസി ബസുകൾ തുടങ്ങിയ സ്ഥലങ്ങളിലെ സെൻട്രലൈസ്ഡ് എസിയിലാണ്് ഇതു സ്ഥാപിക്കുന്നത്.
ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സിഎസ്ഐആർ ഇലക്ട്രോണിക്സ് നിർമാണ യൂണിറ്റായ വാറ്റ് സെയ്സുമായി ചേർന്ന് പ്യൂറോസോൾ എന്ന ഇൻഡക്റ്റ് യുവി ലൈറ്റ് ഡിസിൻഫെക്ഷൻ സിസ്റ്റം നിർമിച്ചത്.
മൊഡ്യൂലാർ സിസ്റ്റമായതിനാൽ നിലവിലുളള സിസ്റ്റത്തിലേക്ക് ഘടിപ്പിക്കാൻ എളുപ്പമാണ്. കൊമേഴ്സ്യൽ സ്റ്റാൻഡേഴ്സും സർട്ടിഫിക്കേഷനും സിസ്റ്റത്തിലുണ്ട്.
അപകടങ്ങൾ തടയുന്നതിനായി സിസ്റ്റത്തിൽ തന്നെ ഇൻബിൽറ്റ് ഫയർ ആൻഡ് സ്മോക്ക് ഡിറ്റക്ടറുമുണ്ട്. 99 ശതമാനത്തിനു മുകളിൽ ബാക്ടീരിയ, ഫംഗസ്, വൈറസ് എന്നിവയെ നിർജീവമാക്കുകയും മിതമായ നിരക്കിൽ സ്ഥാപിക്കാമെന്നതുമാണ് പ്യൂറോ സോളിന്റെ പ്രത്യേകത.
എയർകണ്ടീഷൻ സിസ്റ്റത്തിൽ ഘടിപ്പിക്കുന്ന പ്യൂറോ സോൾ ഹീറ്റിംഗ്, വെന്റിലേഷൻ, എയർ കണ്ടീഷനിഗ് ഡക്്ടിനുള്ളിലൂടെ സഞ്ചരിക്കുന്ന വായുവിനെ അണുവിമുക്തമാക്കി ശീതീകരിച്ച മുറികളിൽ എത്തിക്കും. വൈറസുകളെ നിർജീവമാക്കുന്നതിനായി യുവിസി റേഡിയേഷൻ സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്.
ഉപരിതലത്തിലും വായുവിലും ജലകണങ്ങളിലുമുള്ള വൈറസുകളെയും ബാക്്ടീരിയകളെയും നിമിഷങ്ങൾക്കുള്ളിൽ നിർജീവമാക്കാൻ യുവി പ്രകാശത്തിനാകും. ആളുകൾക്ക് യാതൊരുവിധ ആരോഗ്യ പ്രശ്നം ഉണ്ടാക്കില്ലെന്നതും ഗുണകരമാണ്.
എൻജിനീയറിംഗ് കോളജുകളിൽ അധ്യാപകരായിരുന്ന ഷാജിയും ടോണിയും ഇപ്പോൾ കോട്ടയം സംക്രാന്ത്രി കേന്ദ്രീകരിച്ച് ഗവേഷണ വിഭാഗം നടത്തികൊണ്ടിരിക്കുകയാണ്. പ്യൂറോസോൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് 7740907740, 9497325109 എന്ന നന്പരിൽ ബന്ധപ്പെടാവുന്നതാണ്.